ദേശാടനത്തിനിടെ കേരളത്തിലുമെത്തിയ പെണ്‍തിമിംഗലം ഒമാനില്‍ മടങ്ങിയെത്തി; ദേശാടനത്തിന് കാരണം തേടി ശാസ്ത്രലോകം

കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രണ്ടുമാസങ്ങള്‍ നീണ്ട ദേശാടനം നടത്തിയ ലുബാന്‍ എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയെത്തി.

വംശനാശ ഭീഷണി നേരിടുന്ന കൂനന്‍ തിമിംഗലങ്ങളിലെ ഏകപെണ്‍ തിമിംഗലമാണ് ലുബാന്‍. ഒമാന്‍ ഉള്‍ക്കടലിലുള്ളതാകട്ടെ പതിനാല് കൂനന്‍ തിമിംഗലങ്ങള്‍ മാത്രവും. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം.

ലുബാന്‍ എന്തിന് അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നത് ഇന്നും ശാസ്ത്രലോകത്തിന് മിഥ്യായായി തുടരുന്നു. ഇണയെ തേടിയുള്ള യാത്രയായിരുന്നെന്നും അതല്ല ഇഷ്ടഭക്ഷണമായ മത്തിയും കൊഞ്ചും തേടിയുള്ളതാകാം യാത്രയെന്നുമാണ് ഉയരുന്ന വാദങ്ങള്‍.

കൂനന്‍ തിമിംഗലങ്ങള്‍ ഇത്തരത്തില്‍ വന്‍യാത്ര നടത്താത്തത് ശാസ്ത്രലോകത്തിന്റെ നോട്ടം ലുബാനിലെത്തിച്ചു. മസീറ ഉള്‍ക്കടലില്‍ നിന്ന് നവംബറില്‍ ലുബാന്‍ ലോകസഞ്ചാരം തുടങ്ങിയതോടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശാസ്ത്രലോകം ലുബാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു തുടങ്ങി.

ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി ഘടിച്ച റോഡിയോ ട്രാന്‍സിസ്റ്റര്‍ വഴിയും തിമംഗലത്തിന്റെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി.

1,500 കിലോമീറ്റര്‍ പിന്നിട്ട ലുബാന്‍ ഡിസംബര്‍ പകുതിയോടെയാണ് ഗോവന്‍ തീരത്തെത്തിയത്. മണിക്കൂറില്‍ നാലുമുതല്‍ അഞ്ചുമൈല്‍ വേഗത്തിലായിരുന്നു ഇവളുടെ യാത്ര. തുടര്‍ന്ന് പുതുവത്സര തലേന്ന് കൊച്ചി തീരക്കടലിലും. പിന്നീട് ആലപ്പുഴ, തിരുവനന്തപുരം, കന്യാകുമാരി എന്നിവടങ്ങിലൂടെ ലുബാന്റെ ഐതിഹാസിക യാത്ര ശ്രീലങ്കയിലേക്ക് നീണ്ടു.

ഇതിനിടെ ട്രാന്‍സിസ്റ്റര്‍ തകരാറിലായതോടെ ലുബാന്റെ വിവരങ്ങള്‍ ലഭിക്കാതായി. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വന്നവഴിയേ ലുബാന്‍ തിരിച്ച് മസീറ ഉള്‍ക്കടലില്‍ എത്തിയതാണ് ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം ശരാശരി 25,000 കിലോമീറ്റര്‍ യാത്ര നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്രചെയ്യുന്ന സസ്തനികള്‍ ആണ്.

എന്നാല്‍ അറബിക്കടലില്‍ കാണപ്പെടുന്ന കൂനന്‍ തിമിംഗലങ്ങള്‍ ജനിതകമായി ഏറെ വ്യത്യാസമുള്ളവയായതിനാല്‍ ദേശാടനം നടത്തുന്നവയല്ല എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ ധാരണ. ലുബാന്‍ കേരള തീരത്തെത്തിയതോടെ ഇതു തിരുത്തപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News