ജോലി തട്ടിപ്പില്‍ പിടിയിലായയാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിച്ച കേസിലും പ്രതി; ചതിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഡല്‍ഹി നഴ്‌സും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സൈന്യത്തില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിച്ച കേസിലും പോലീസ് തിരയുന്ന പ്രതിയെന്ന് തിരിച്ചറിഞ്ഞു.കണ്ണൂര്‍ ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ചെറുവത്തൂര്‍ സ്വദേശി ബൈജുവാണ് മറ്റ് കേസിലും പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനം നൊന്ത് ഡല്‍ഹിയില്‍ നേഴ്‌സും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയുമായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 10 ലക്ഷം രൂപ തട്ടിയെടുത്ത ചെറുവത്തൂര്‍ സ്വദേശി ബൈജുവിനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ സി ഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ പോലീസ് തിരയുന്ന പ്രതിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.

ആറ് വര്‍ഷം മുന്‍പ് ഡല്‍ഹിക്കടുത്ത ഫരീദാബാദില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ മഞ്ജു,ബൈജു വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഫരീദാബാദ് പോലീസും സുല്‍ത്താന്‍ ബത്തേരി പോലീസും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

ട്രെയിനില്‍ വച്ചാണ് ബൈജു പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്.സൈന്യത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയത്.പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹ ആലോചനയും നടത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നെങ്കിലും പിന്നീട ഇയാള്‍ മുങ്ങി.ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു .അറസ്റ്റിലായ ബൈജു നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here