രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആര്‍എസ്എസ് അ‍ഴിഞ്ഞാട്ടം തുടരുകയാണ്; പക്ഷെ കേരളത്തില്‍ ഒരു വേലത്തരവും നടക്കില്ല; മുഖ്യമന്ത്രി പിണറായിയുടെ താക്കീത്

രാജ്യം ഭരിക്കുന്ന മോദിസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി പാളയത്തില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ട് ഓടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തെലുങ്കുദേശം പാര്‍ട്ടിയും ചന്ദ്രബാബു നായിഡുവും ശിവസേനയടക്കമുള്ളവരും മോദി സര്‍ക്കാരിന്‍റെ വിമര്‍ശകരായത് പിണറായി ചൂണ്ടികാട്ടി. രാജ്യമാകെ ആര്‍ എസ് എസും സംഘപരിവാറും അക്രമം അ‍ഴിച്ചുവിടുന്നത് ഇപ്പോ‍ഴും തുടരുകയാണ്.

എന്നാല്‍ കേരളത്തില്‍ ഇക്കൂട്ടരുടെ ഒരു വേലത്തരവും നടക്കില്ല. രാജ്യമാകെ ആസ്വസ്ഥരാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തെയും നോട്ടമിട്ടിരിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ കേരള ജനതയ്ക്ക് സാധിച്ചിട്ടുണ്ട്.

രാജ്യമാകെ ഇന്ന് ബിജെപിക്കെതിരായ വികാരം ശക്തമാകുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ദളിതരെ ശുദ്രരായി മാത്രമാണ് ബിജെപി കാണുന്നത്. പല മതവിഭാഗങ്ങള്‍ക്കുമെതിരെ ബോധപൂര്‍വ്വമായ ആക്രമണങ്ങളാണ് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം രാജ്യമാകെ ഉയര്‍ന്നുവരുന്നുണ്ട്.

കോണ്‍ഗ്രസാണ് പലപ്പോ‍ഴും ബിജെപിക്ക് തണലാകുന്നത്. ത്രിപുരയിലടക്കം ഇത് കണ്ടതാണ്. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ബിജെപിയെ വളര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഒരു പാര്‍ട്ടി ഒന്നടങ്കം ബിജെപിയായി മാറുന്നതാണ് ത്രിപുരയില്‍ കണ്ടത്.

ബിജെപിക്കെതിരെ ശക്തമായ നിലപാട് ഒരുഘട്ടത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. ഇടതുപക്ഷ മതനിരപേക്ഷ കക്ഷികള്‍ ശക്തിപെടേണ്ടതാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നും പിണറായി ചൂണ്ടികാട്ടി.

കേരളത്തിലും കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണ്. തിരുവനന്തപുരം നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കാരണവും കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചതുകൊണ്ടാണ്. ചെങ്ങന്നൂരിലും കോണ്‍ഗ്രസ് രാഷ്ട്രീയ കളിക്ക് നില്‍ക്കുകയാണോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

ഇടതുമുന്നണിയുടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി വിവിധ നേതാക്കള്‍ പങ്കെടുക്കുകയാണ്.

മൂന്ന് വട്ടം കോണ്‍ഗ്രസ് പാനലില്‍ നിന്ന് ചെങ്ങന്നൂര്‍ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ശോഭനജോര്‍ജ് ഇടതുപക്ഷത്തിന് പിന്തുണപ്രഖ്യാപിച്ച് വേദിയിലെത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News