ഐസിസിയുടെ ഞെട്ടിക്കുന്ന തീരുമാനം; അമ്പരന്ന് സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയയും

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രവിജയം കൊതിച്ചെത്തിയ ഓസ്‌ട്രേലിയക്ക് ഐസിസിയുടെ വക ഷോക്ക്. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയും ജയിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ അന്തകനായത് കഗീസോ റബാഡയാണ്. രണ്ട് ഇന്നിംഗ്‌സുകളിലായി 11 ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് റബാഡ കൂടാരം കയറ്റിയത്. മത്സരത്തിനിടെ മോശമായി പെരുമാറിയതിന്റെ പേരില്‍ താരത്തിനെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിലക്കിയിരുന്നു.

ഇനിയുള്ള രണ്ട് മത്സരങ്ങളിലും റബാഡയില്ലെന്നത് ഓസ്‌ട്രേലിയക്ക് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍ ഓസ്്‌ട്രേലിയയെ ഞെട്ടിക്കുന്ന തീരുമാനമാണ് ഐസിസി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

കഗിസോ റബാഡയുടെ വിലക്ക് ഐസിസി പിന്‍വലിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ അപ്പീല്‍ പരിശോധിച്ച ഐസിസി അച്ചടക്കസമിതി നടപടി പിന്‍വലിക്കാന്‍ ഉത്തരവിടുകയും താരത്തിനെതിരായി മാച്ച് റഫറി ഏര്‍പ്പെടുത്തിയ ലെവല്‍ രണ്ട് കുറ്റം ലെവല്‍ ഒന്നായി താഴ്ത്തുകയും ചെയ്തിട്ടുണ്ട്.

ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകും. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനോട് മോശമായി പെരുമാറിയതാണ് റബാഡയ്‌ക്കെതിരെ ചാര്‍ത്തിയിരുന്ന കുറ്റം. വ്യാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News