‘ഉറ്റവര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും, എന്തിന് മറച്ചുവച്ചു’; കേന്ദ്രസര്‍ക്കാരിനോട് ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ചോദ്യം; നിലപാട് മനുഷ്യത്വരഹിതമെന്ന് സിപിഐഎം

ദില്ലി: ഇറാഖില്‍ ഐഎസ് പിടിയിലായിരുന്ന ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും എന്താണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളോട് അത് പറയാതിരുന്നതെന്ന ചോദ്യവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍.

സഹോദരനെ കാണാതായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ 12 തവണ കണ്ടുവെന്നും അപ്പോഴെല്ലാം അവര്‍ ജീവനോടെയുണ്ടെന്നാണ് പറഞ്ഞതെന്നും അമൃത്‌സര്‍ സ്വദേശി സര്‍വണ്‍ പറഞ്ഞു.

കൃത്യമായ വിവരമില്ലെന്നായിരുന്നു കേന്ദ്രം പറയേണ്ടിയിരുന്നത്. അതിന് പകരം അവര്‍ വ്യാജ പ്രസ്താവന ഇറക്കുകയായിരുന്നു. ഇത് സര്‍ക്കാറിന്റെ വന്‍പരാജയമാണെന്നും സര്‍വണ്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം ആദ്യം ബന്ധുക്കളെ അറിയിക്കാതെ വിദേശ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത് തെറ്റായ നടപടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് എത്രമാത്രം മനുഷ്യത്വരഹിതവും കഠോരവുമാണെന്ന് തെളിയിക്കുന്നതാണിത്. മരണവിവരം സര്‍ക്കാരിന് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും ബന്ധുക്കളില്‍നിന്ന് മറച്ചുവച്ചു.

കുടുംബാംഗങ്ങളുമായി എപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. പാര്‍ലമെന്റിനെ ആദ്യം അറിയിക്കേണ്ടത് തന്റെ കടമയാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. നയവിഷയങ്ങളില്‍ മാത്രമാണ് അത്തരമൊരു കീഴ്‌വഴക്കമുള്ളത്.

ഇത് അങ്ങനെയല്ല. മാത്രമല്ല, നയവിഷയങ്ങളുടെ കാര്യത്തില്‍ പോലും പലപ്പോഴും പാര്‍ലമെന്റിന് പുറത്ത് പ്രസ്താവന നടത്തുന്നവരാണ് മോദി സര്‍ക്കാര്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ നികുതി കുറയ്ക്കുന്നത് ആദ്യം യുഎസ് പ്രസിഡന്റ് ട്രംപിനെയാണ് സര്‍ക്കാര്‍ അറിയിച്ചതെന്നും സലീം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്നും അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുവരികയാണെന്നുമാണ് കഴിഞ്ഞ മൂന്നരവര്‍ഷക്കാലമായി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News