ബന്ദികള്‍ സുരക്ഷിതരാണെന്ന് രണ്ട് വര്‍ഷത്തിനിടെ ആറ് പ്രസ്താവനകള്‍ നടത്തിയ മോദി സര്‍ക്കാര്‍; ഹര്‍ജിതിനെ ജയിലടച്ചതെന്തിന്; ചോദ്യങ്ങളുമായി ബന്ധുക്കള്‍; മോദിയും കൂട്ടരും പ്രതിസന്ധിയില്‍

ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം കേന്ദ്ര സര്‍ക്കാര്‍ മൂന്നേ മുക്കാല്‍ വര്‍ഷം മറച്ച് വച്ചുവെന്ന് ആരോപണം ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവരമൊന്നും നല്‍കാതെ ഇരുട്ടില്‍ നിറുത്തിയെന്നാരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത് എത്തി.

ബന്ദികള്‍ സുരക്ഷിതരാണന്ന് അറിയിച്ച് രണ്ട് വര്‍ഷത്തിനിടെ ആറ് പ്രസ്ഥാവനകളാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയത്. 39 പേരെയും വെടിവച്ച് കൊല്ലുന്നതിന് സാക്ഷിയാണന്ന് പറഞ്ഞ പഞ്ചാബി സ്വദേശിയെ സര്‍ക്കാര്‍ തടങ്കലില്‍ വച്ചത് എന്തിനെന്ന സംശയം ശക്തമാകുന്നു.

പഞ്ചാബില്‍ നിന്ന് 28 പേര്‍,ഹിമാചല്‍ പ്രദേശില്‍ നിന്ന് രണ്ട്,ബീഹാറ് സ്വദേശികളായ 6 പേര്‍, പശ്ചിമ ബംഗാളില്‍ നിന്നും 2 പേര്‍ അടക്കം 40 പേരെയാണ് 2014 ജൂണ് 18ന് മൊസൂളില്‍ ഐ.എസ്. തീവ്രവാദികള്‍ ബന്ദികളാക്കിയത്. തന്ത്രപരമായി രക്ഷപ്പെട്ടെത്തിയ പഞ്ചാബ് സ്വദേശി ഹര്‍ജിത് മസിഹ്, ബാക്കിയുള്ള 39 പേര്‍ കൊല്ലപ്പെട്ടുവെന്ന് അന്ന് തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

എന്നാല്‍ മസിഹ് കള്ളനാണന്ന് വാദമുയര്‍ത്തിയ സര്‍ക്കാര്‍,ഇയാളെ മാസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ചു. രക്ഷപ്പെട്ടെത്തിയാള്‍ വെളിപ്പെടുത്തിയതിന് അപ്പുറമൊന്നും മൂന്നേ മുക്കാല്‍ വര്‍ഷത്തിന് ശേഷം പറയാനില്ലാത്ത വിദേശകാര്യ വകുപ്പ്, എന്ത് കൊണ്ട് ഇത്രനാള്‍ മരണം സ്ഥീകരിക്കാന്‍ തയ്യാറായില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനിടയില്‍ ഇവര്‍ ജീവനോടെയുണ്ടെന്ന് ബന്ധുക്കള്‍ ഉറപ്പ് നല്‍കി.ജീവനോടെയുണ്ടെന്നും സുരക്ഷിതരാണന്നും അറിയിച്ച് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ദില്ലിയിലെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലഭിച്ചത് ആറ് പ്രസ്ഥാവനകള്‍.

ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,വിദേശകാര്യസഹമന്ത്രി വി.കെ.സിങ്ങ് എന്നിവര്‍ ബാഗ്ദാദ് സന്ദര്‍ശിച്ചുവെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണന്ന വിവരം ലഭിച്ചുവെന്നുമായിരുന്നു മന്ത്രാലയത്തിന്റെ നിലപാടുകള്‍.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവരെക്കുറിച്ച് പാര്‍ലമെന്റില്‍ നിരന്തരം ചോദ്യം ഉയര്‍ന്നപ്പോള്‍, ജീവനോടെയുണ്ടോ ഇല്ലയോ എന്ന് പറയുന്നത് പാപമെന്നായിരുന്നു സുഷമസ്വരാജിന്റെ മറുപടി. ഇപ്പോള്‍ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് ബന്ധുക്കള്‍ക്ക് പലര്‍ക്കും താങ്ങാന്‍ കഴിഞ്ഞിട്ടില്ല.

വിവരമൊന്നും നല്‍കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ നിറുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി.വ്യവസ്ഥാപിതമായ ഭരണകൂടങ്ങള്‍ ഇല്ലാത്ത സിറിയ,ഇറാക്ക് പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ദുര്‍ബലമാണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

മലയാളി നേഴ്‌സുമാരെ അടക്കം മൊസൂളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.അന്ന് മുസ്ലീം തീവ്ര വിഭാഗങ്ങളുമായുള്ള രാജ്യാന്തര സൗഹൃദ ബന്ധമാണ് ഇന്ത്യ ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ അമേരിക്കയോടുള്ള അമിത് വിധേയത്വം മധ്യപൂര്‍വേഷ്യന്‍ സൗഹൃദങ്ങളെ ഇന്ത്യയില്‍ നിന്ന് അകറ്റി.അതാണ് ഇന്ത്യക്കാരുടെ മരണം അറിയാന്‍ വൈകിച്ചതെന്ന് മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News