നിങ്ങള്‍ റണ്ണൗട്ടാകുമെന്നുറപ്പാണ്; പുകയില വിതയ്ക്കുന്ന മരണം ഇങ്ങനെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇതാ

കൊച്ചി: പുകയില മാരകരോഗങ്ങള്‍ വിതയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ട് കാലങ്ങളായി. ബോധവത്കരണങ്ങള്‍ നാടാകെയുണ്ട്. എന്നാലും പുകയില ഉപയോഗത്തിന് കുറവുണ്ടായിട്ടില്ല. പുറത്തുവരുന്ന എല്ലാ റിപ്പോര്‍ട്ടുകളും പുകയിലയുടെ മാരകദോഷവശങ്ങള്‍ ചൂണ്ടികാട്ടുന്നതാണ്.

എത്രയൊക്കെ കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും വിരല്‍ത്തുമ്പിലെ സിഗററ്റിനെ ഉപേക്ഷിക്കാന്‍ മിക്കവരും തയ്യാറാകുന്നില്ല. ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സിഗരറ്റ് കോടിക്കണക്കിനാള്‍ക്കാരുടെ ജീവന്‍ ഓരോവര്‍ഷവും കവര്‍ന്നെടുക്കുകയാണ്.

കഴിഞ്ഞദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം സിഗരറ്റ് ഉപേക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

റിപ്പോര്‍ട്ട് ഇങ്ങനെ

രാജ്യത്ത് പ്രതിവര്‍ഷം 9,32,600 പേര്‍ പുകയിലജന്യ രോഗങ്ങള്‍ മൂലം മരിക്കുന്നതായി ഈയിടെ പുറത്തിറങ്ങിയ ആറാമത് ടുബാക്കോ അറ്റ്‌ലസ് ചൂണ്ടിക്കാട്ടുമ്പോള്‍ കേരളത്തിലും പുകയിലജന്യ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) പ്രസിദ്ധീകരിച്ച ‘കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് ഓഫ് ഹോസ്പിറ്റല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ റജിസ്ട്രീസ് 20122014’ല്‍ ലഭ്യമായ നാലു ഹോസ്പിറ്റല്‍ ക്യാന്‍സര്‍ റജിസ്ട്രികളില്‍നിന്നുള്ള വസ്തുതകള്‍, പുകയിലജന്യ ക്യാന്‍സറുകള്‍ സംസ്ഥാനത്തെ ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറുന്നുവെന്ന് വ്യക്തമാക്കുന്നു.

സര്‍ക്കാതേര മെഡിക്കല്‍ കോളജുകള്‍ പ്രസിദ്ധീകരിച്ച രാജ്യത്തെ ആദ്യ ക്യാന്‍സര്‍ റജിസ്ട്രിയായ, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ക്യാന്‍സര്‍ റജിസ്ട്രി പ്രകാരം 2012 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള മൂന്നു വര്‍ഷത്തില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട കാന്‍സര്‍ രോഗികളില്‍, 27.6 ശതമാനം പുരുഷന്‍മാര്‍ക്കും 9.7 ശതമാനം സ്ത്രീകള്‍ക്കും പുകയിലജന്യ ക്യാന്‍സറാണ് ബാധിച്ചിട്ടുള്ളത്. 2004ലാണ് അമൃത ക്യാന്‍സര്‍ റജിസ്ട്രി നിലവില്‍ വന്നത്.

സംസ്ഥാനത്തെ പ്രമുഖ ക്യാന്‍സര്‍ ചികില്‍സാകേന്ദ്രമായ തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ ഈ കാലയളവില്‍ ചികില്‍സ തേടിയവരില്‍ 4906 പുരുഷന്‍മാ രും(42.9 ശതമാനം), 1464 സ്ത്രീകളും (12.5%) പുകയിലജന്യ ക്യാന്‍സര്‍ ബാധിതരാണ്. പുരുഷന്‍മാരില്‍ 35.7 % പേരില്‍ ശ്വാസകോശാര്‍ബുദവും 17.6 % പേരില്‍ വായിലെ അര്‍ബുദവും 14.3 % പേരില്‍ നാവിലെ കാന്‍സറുമാണ്. സ്ത്രീകളില്‍ വായിലെ ക്യാന്‍സറാണ് (31.1%) ഏറ്റവും കൂടുതല്‍. ശ്വാസകോശ ക്യാന്‍സര്‍ 28.1 ശതമാനവും നാവിലേത് 18.3 ശതമാനവും.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ ക്യാന്‍സര്‍ റജിസ്ട്രി പ്രകാരം 2014ല്‍ റജിസ്റ്റര്‍ ചെയ്ത 1659 പുരുഷന്‍മാരും 1803 സ്ത്രീകളുമുള്‍പ്പെടെയുള്ള 3,462 ക്യാന്‍സര്‍ രോഗികളില്‍ 626 പുരുഷന്‍മാരും 150 സ്ത്രീകളും പുകയിലജന്യ ക്യാന്‍സര്‍ ബാധിതരായിരുന്നു. 2012 ജൂലൈയിലാണ് കാരിത്താസ് ഹോസ്പിറ്റല്‍ ക്യാന്‍സര്‍ റജിസ്ട്രി നിലവില്‍ വന്നത്.

കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററി (എംസിസി)ലെ കണക്കുകള്‍ വടക്കന്‍ ജില്ലകളിലും പുകയില ഉപയോഗം ഗുരുതര ആരോഗ്യപ്രശശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 2012 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലയളവില്‍ എംസിസി ക്യാന്‍സര്‍ റജിസ്ട്രി പ്രകാരം 3934 പുരുഷന്‍മാരും 3510 സ്ത്രീകളുമുള്‍പ്പെടെ 7444 പേര്‍ ചികില്‍സ തേടി. ഇതില്‍ 2098 പുരുഷന്‍മാരും(53.3ശതമാനം) 656 സ്ത്രീകളും(18.7 ശതമാനം) സ്ത്രീകളും പുകയിലജന്യ ക്യാന്‍സര്‍ ബാധിതരായിരുന്നു.

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിയമങ്ങള്‍ പാലിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകളില്‍നിന്നു വ്യക്തമാകുന്നതെന്ന് അമൃത സ്‌കൂള്‍ ഓഫ് മെഡിസിനിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രഫസര്‍ ഡോ. കെ വിജയകുമാര്‍ പറഞ്ഞു. നിലവിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും യുവാക്കളെ പുകയില ഉപയോഗം തുടങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പുകയില നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ നിയമനിര്‍മാണപരമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here