സംസ്ഥാനത്ത് ഇനി സിഎന്‍ജി പമ്പുകളും; കൊച്ചിയില്‍ നാല് പമ്പുകളുടെ ഉദ്ഘാടനം ഇന്ന്

വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും മലിനീകരണവും ഭാരമായി മാറിയെങ്കില്‍ ഇനിമുതല്‍ നിങ്ങളുടെ വാഹനം സിഎന്‍ജിയിലേക്ക് മാറ്റാം. സംസ്ഥാനത്ത് സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ നാല് പമ്പുകള്‍ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. സിഎന്‍ജിയില്‍ ഓടുന്ന ബസുകളും സര്‍വീസ് ആരംഭിക്കും

സിഎന്‍ജി അഥവാ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് കേരളത്തില്‍ വരുന്നതോടെ വലിയ മാറ്റത്തിന് തന്നെയാകും തുടക്കം കുറിക്കുക. ധനലാഭം, ഉയര്‍ന്ന ഇന്ധനക്ഷമത, അന്തരീക്ഷ മലിനീകരണം കുറയ്ക്കല്‍ എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് സിഎന്‍ജിക്കുളളത്.

ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 20 കിലോമീറ്റര്‍ ഓടുന്ന കാറില്‍ ഒരു ക്യുബിക് മീറ്റര്‍ സിഎന്‍ജി ഉപയോഗിച്ചാല്‍ 28 കിലോമീറ്റര്‍ സഞ്ചരിക്കാം. പെട്രോള്‍ വില ലിറ്ററിന് 70തിന് മുകളിലാകുന്‌പോള്‍ ഒരു ക്യുബിക് മീറ്റര്‍ സിഎന്‍ജിക്ക് വില വെറും 46.50 പൈസ മാത്രം. മാത്രമല്ല അന്തരീക്ഷ മലിനീകരണവും വളരെ കുറവ്.

സംസ്ഥാനത്ത് സിഎന്‍ജി പന്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ കളമശേരി, അന്പാട്ടുകാവ്, മുട്ടം, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ പന്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മാറ്റത്തിന് തുടക്കം കുറിക്കും. ആദ്യഘട്ടത്തില്‍ പെട്രോള്‍ കാറുകളാണ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ കഴിയുക.

ഇതിനായി 20,000 രൂപ മുതല്‍ 80,000 രൂപ വരെ വിലയുളള കണ്‍വെര്‍ഷന്‍ കിറ്റുകളും ലഭ്യമാണ്. വാഹനഉടമ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി, ആര്‍ടിഒ വഴി കണ്‍വര്‍ഷനുളള അനുമതിയും വാങ്ങാം. സിഎന്‍ജി ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പെട്രോള്‍ ഉപയോഗിച്ചും വാഹനമോടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News