വര്‍ഗീയകാര്‍ഡിറക്കി യോഗി; മുസഫര്‍നഗറില്‍ കലാപമുണ്ടാക്കിയവര്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കും; മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ബിജെപി എംപിമാരടക്കമുള്ളവര്‍ രക്ഷപ്പെടും

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കലാപത്തോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത 131 കേസുകളാണ് പിന്‍വലിക്കുന്നത്. മുസ്ലീം മതന്യൂനപക്ഷങ്ങള്‍ കൂട്ട കൊല ചെയ്യപ്പെട്ട കാലപത്തിന് നേതൃത്വം നല്‍കിയ ബിജെപി എം.പിമാരടക്കമുള്ളവര്‍ കുറ്റവിമുക്തരാക്കപ്പെടും.

2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങീ പ്രദേശങ്ങളില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 13 കൊലപാതക കേസുകളും 11 വധശ്രമ കേസുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളുമാണ് ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.നിയമപ്രകാരം കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളാണ എല്ലാം. വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും ഉണ്ട്.

സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന് കുറ്റം ചുമത്തിയ 16 കേസുകളും മതസ്പര്‍ദ്ധ വളര്‍ത്തിയതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2 കേസുകളും പിന്‍വലിക്കുന്നവയില്‍ പെടും. 2013 സെപ്റ്റംബറിലെ നടന്ന വര്‍ഗീയ കലാപങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണിക്കിനാളുകള്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തു.

ഇതിനെതിരെ അന്നത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ 1455 പേര്‍ക്കെതിരെ 503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുസഫര്‍ നഗര്‍, ഷംലി കലാപ കേസുകളില്‍ പ്രതിയായ ബി.ജെ.പി എം.പി സഞ്ജീവ് കുമാര്‍ ബല്യാന്‍, ബി.ജെ.പി എം.എല്‍.എ ഉമേഷ് മാലിക്ക് എന്നിവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ട് കണ്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുക്കള്‍ പ്രതികളായ 179 കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 23ന് യു.പി നിയമവകുപ്പ് സ്പെഷല്‍ സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍നഗര്‍, ഷംലി ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഏതൊക്കെ പൊലീസ് സ്റ്റേഷനുകളില്‍ ഏതൊക്കെ കേസുകള്‍ എന്ന് വ്യക്തമാക്കി കൊണ്ട് കേസ് നമ്പറുകളും ഐപിസി സെക്ഷനുകളും സഹിതമാണ് കത്ത് കൊടുത്തിരിക്കുന്നത്. നിയമവകുപ്പ് വൃത്തങ്ങളും കത്ത് നല്‍കിയതായി സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News