‘പൂര്‍ണ വളര്‍ച്ചയെത്താത്ത മകള്‍ക്ക് അച്ഛൻ ശ്വാസം കൊടുക്കുന്നു’; ആ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യം ഇതാണ്

നെഞ്ച് തുളച്ച് പൂര്‍ണവളര്‍ച്ചയെത്താത്ത മകള്‍ക്ക് ശ്വാസം നല്‍കുന്ന ഒരച്ഛനായിരുന്നു ക‍ഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം. എന്നാല്‍ ‘അച്ഛൻ ശ്വാസം കൊടുക്കുന്നു’ എന്ന വാചകം തന്നെ തെറ്റാണ്. അങ്ങനെ ഒരു ചികിത്സാവിധി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ആ കുറിപ്പിനൊപ്പമുള്ള ചിത്രം തികച്ചും യഥാർഥ്യമാണ്.

മാസം തികയാതെ ജനിച്ചതിനാലും, ഭാരക്കുറവിനാലും, വെന്റിലേറ്ററിന്റെ സഹായത്താൽ ശ്വസിക്കുന്ന ഒരു കുഞ്ഞ്; അതിനെ സ്വന്തം നെഞ്ചിലേറ്റി പരിചരിക്കുന്ന ഒരു പുരുഷൻ; ഇവരാണ് ചിത്രത്തിൽ. ‘കാംഗരൂ കെയർ’ അഥവാ ‘കാംഗരൂ മദർ കെയർ’ (KMC) എന്ന പേരിൽ പ്രചാരത്തിലുള്ള ഒരു പരിചരണരീതിയാണ് ഇത്. നവജാതശിശുക്കളുടെ ആരോഗ്യകരമായ നിലനിൽപ്പിന്, ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്.

ശരീരഭാരം കുറഞ്ഞും, മാസം തികയാതെയും (37 ആഴ്ചകൾക്കുമുൻപ്) ജനിക്കുന്ന ശിശുക്കളിൽ, ശരീരോഷ്മാവ് നിശ്ചിത അളവിൽ ക്രമീകരിക്കുന്നത് അവരുടെ ദീർഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണെന്നത് ശാസ്ത്രസത്യമാണ്. ഇതിനായി കൃത്രിമമായി ചൂട് നൽകുന്ന ഇൻക്യുബേറ്റർ പോലെയുള്ള ഉപകരണങ്ങൾ വളരെ നാളായി ഉപയോഗത്തിലുണ്ട്. എന്നാൽ വികസ്വര രാജ്യങ്ങളിൽ, ആരോഗ്യമേഖലയിലെ ചുരുങ്ങിയ ചുറ്റുപാടിൽ എല്ലാ കുഞ്ഞുങ്ങൾക്കും മേൽപ്പറഞ്ഞ രീതിയിലെ പരിചരണം ലഭ്യമാക്കുക പ്രായോഗികമായിരുന്നില്ല.

1970-കളിൽ കൊളംബിയയിലാണ് ‘skin to skin care’ എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗർലഭ്യവും, അന്നത്തെ ആശുപത്രികളിലെ വൻതിരക്കുമൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തതിന് ഇടയാക്കിയത് എന്നു പറയാം. ക്രമേണ ഇതിനു പ്രചാരമേറുകയും 1996-ൽ ഇറ്റലിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര ശിൽപ്പശാലയിൽ ‘കാംഗരു മദർ കെയർ’ എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെടുകയും ചെയ്തു. നവജാതശിശു ICU വിൽ എത്രയേറെ സങ്കീർണ്ണമായ, ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ കൊണ്ടുപോലും ഗർഭാശയത്തിനകത്തെ സൗകര്യങ്ങളും, സംരക്ഷണവും ഉറപ്പുവരുത്താനാവില്ല.

ജനിച്ചു കഴിഞ്ഞ കുരുന്നിനെ തിരിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന വഴികളും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ പ്രശ്നത്തിനുള്ള ഒരു പോംവഴി എന്ന നിലയ്ക്കാണ് കാംഗരുവിനെ അനുകരിച്ച്, കുഞ്ഞിനെ അമ്മയോട് ഏറ്റവും അടുത്ത്, ഏറ്റവും കൂടുതൽ നേരം കിടത്തുക എന്ന രീതി അവലംബിച്ചു തുടങ്ങിയത്.നവജാതശിശുവിനെ, മാതാവിനൊപ്പം ‘skin to skin contact’ അഥവാ രണ്ടുപേരുടെയും ത്വക്കുകൾ ചേർന്നിരിക്കുന്ന വിധത്തിൽ പരിചരിക്കുന്ന രീതിയാണ് KMC.

മാതാവിനെപ്പോലെ, പിതാവിനും പരിചരിക്കുന്ന മറ്റാർക്കും ഈ രീതിയിൽ കുഞ്ഞിനെ ശുശ്രൂഷിക്കാം എന്നത് ചിത്രത്തിൽ വ്യക്തമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട് Info Clinic

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here