വാഗ്ദാനങ്ങള്‍ ലംഘിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു; അണ്ണാ ഹസാരെയുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്; സമരവീഥിയിലേയ്ക്ക് എത്തുന്നത് ആയിരങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. രാംലീല മൈതാനത്ത് തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുക്കിയെത്തുന്നത്. ലോക്പാല്‍ നിയമം രൂപീകരിക്കാത്തതടക്കമുള്ള ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് നിരാഹാര സമരം.

അഴിമതിക്കെതിരായി മുന്‍പ് ദില്ലിയില്‍ നടത്തിയ സമരം ഏഴ് വര്‍ഷം തികയുമ്പോഴാണ് വീണ്ടുമൊരു പ്രക്ഷോഭവുമായി ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. 2011 ല്‍ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രാം ലീല മൈതാനിയില്‍ അണ്ണാ ഹസാരെ നിരാഹാര സമരം നടത്തിയിരുന്നു. അന്ന് ഉന്നയിച്ച പോലെ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് ഈ നിരാഹാര സമരത്തിലും ആവശ്യം.

അതേ സമയം കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനായുള്ള സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനായും നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ സമര പന്തലിലേക്ക് ഒഴുക്കിയെത്തുകയാണ്. മോദി സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും നല്‍കി അധികാരത്തില്‍ കയറിയെന്നും കര്‍ഷകരെയും സാധാരണ ജനങ്ങളെയും വഞ്ചിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ ചൂണ്ടികാട്ടി.

പ്രക്ഷോഭകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയെന്ന് ഹസാരെ ആരോപിച്ചു. സര്‍ക്കാരിനെതിരെ ആക്രമം നടത്താനാണ് മോദി സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതെന്നും അതിനായാണ് തനിക്ക് ചുറ്റും പൊലീസിനെ നിര്‍ത്തിയിരിക്കുന്നതെന്നും ഹസാരെ ചൂണ്ടികാട്ടി. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞിട്ടും എന്തിനാണ് ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹസാരേ ചോദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News