ഭൂമിയിടപാട് പ്രശ്നം അനുരഞ്ജനത്തിലേക്ക്; പരസ്യപ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറാന്‍ വൈദികര്‍ തീരുമാനിച്ചു

സഭാ ഭൂമിയിടപാട് പ്രശ്നം അനുരഞ്ജനത്തിലേക്ക് നീങ്ങുന്നു.പ്രശ്നവുമായി ബന്ധപ്പെട്ട് പരസ്യപ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറാന്‍ വൈദികര്‍ തീരുമാനിച്ചു. എറണാകുളം ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് തീരുമാനം.തുടര്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനും ധാരണയായി.തന്‍റെ പ്രവര്‍ത്തനം കാക്കനാട്ടെ സഭാ ആസ്ഥാനത്ത് മാത്രമായി കേന്ദ്രീകരിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തെ അറിയിച്ചു.

പ്രശ്ന പരിഹാരത്തിനായി കെ സി ബി സി യുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കു പിറകെയാണ് വൈദിക സമിതി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ വൈദികര്‍ പരസ്യപ്രതിഷേധവുമായി രംഗത്തു വന്നിരുന്നെങ്കിലും അനുരഞ്ജനത്തിന്‍റെ തുടക്കമെന്ന നിലയില്‍ പരസ്യപ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറാന്‍ വൈദിക സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

കെ സി ബി സി യുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ കര്‍ദിനാള്‍ തെറ്റ് ഏറ്റു പറഞ്ഞതിനാല്‍ വൈദികസമിതി യോഗത്തില്‍ ഇനി മാപ്പു പറയേണ്ടതില്ലെന്നും വൈദികര്‍ നിലപാടെടുത്തു.സഭയ്ക്കേറ്റ മുറിവുണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും തുടര്‍ ചര്‍ച്ചകളിലൂടെ പ്രശനത്തിന് പരിഹാരം കാണാനാകുമെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

അതേ സമയം തന്‍റെ പ്രവര്‍ത്തനം കാക്കനാട്ടെ സഭാ ആസ്ഥാനത്ത് മാത്രമായി കേന്ദ്രീകരിക്കുമെന്നും അതിരൂപത ഭരണത്തിന് സഹായ മെത്രാന്‍മാര്‍ മേല്‍നോട്ടം വഹിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തെ അറിയിച്ചു.

യോഗം നടക്കുന്നതിനിടെ ബിഷപ്പ് ഹൗസിനു പുറത്ത് കര്‍ദിനാള്‍ അനുകൂലികളും എതിരാളികളും പരസ്പരം ഏറ്റുമുട്ടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.വൈദിക സമിതി യോഗ തീരുമാനം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്.

വിശുദ്ധ വാരത്തിന് തുടക്കമാകുന്നതിനാല്‍ പ്രശ്നം കൂടുതല്‍ വഷളാക്കാതെ താല്ക്കാലിക പരിഹാരം എന്ന നിലയിലാണ് വൈദിക സമിതിയുടെ തീരുമാനം എന്നാണ് സൂചന.ഈസ്റ്റര്‍ ക‍ഴിയുന്നതോടെ കര്‍ദിനാളിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ വീണ്ടും സജീവമായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here