ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവും; പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരത; മെമ്മറി കാര്‍ഡിലുള്ളത് പുറത്തുവിടാനാകാത്ത ദൃശ്യങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്‍.

നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഇരയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാവുന്ന സംഭവമാണിത്. പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്നും ദൃശ്യങ്ങളില്ലാതെതന്നെ കേസ് തെളിയിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേയെന്നും വീണ്ടും ആവശ്യപ്പെടുന്നത് എന്തിനാണെന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു.

എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നടിയുടെ ശബ്ദത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് ആരുടേതാണെന്ന് പരിശോധിച്ചിട്ടില്ല. ഇതറിയുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപ് വാദിച്ചു. പൊലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

ഹര്‍ജിയില്‍ വാദം തുടരുകയാണ്.

ദൃശ്യങ്ങളുടെ പകര്‍പ്പിനായി അങ്കമാലി കോടതിയെയാണ് ദിലീപ് ആദ്യം സമീപിച്ചത്. കോടതി അത് തള്ളിയതോടെ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയില്ലെങ്കിലും വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം മറ്റ് തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here