ദിലീപിനെതിരെ തെളിവ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് റിമാന്‍ഡ്‌ പ്രതി; പള്‍സര്‍ സുനിയും ദിലീപുമായുള്ള ചര്‍ച്ചകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് റിമാന്റ് പ്രതി.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറാം എന്നാണ് ജയിലില്‍ കഴിയുന്ന പ്രതി തന്റെ ബന്ധു മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കുക പതിവില്ലാത്ത സാഹചര്യത്തില്‍ മേല്‍നടപടികളെക്കുറിച്ച് നിയമോപദേശം തേടാനാണ് പോലീസിന്റെ തീരുമാനം.

കുറ്റകൃത്യം നടക്കുന്നതിന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന് കൈമാറാം എന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതികളിലൊരാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.കൂടാതെ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനുള്ള സന്നദ്ധതയും ഇയാള്‍ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു മാസം മുന്‍പ്തന്നെ തന്റെ ഒരു ബന്ധു വഴി അന്വേഷണ സംഘത്തെ പ്രതി ഇക്കാര്യം അറിയിച്ചിരുന്നുവെന്നാണ് വിവരം.

കോടതിയില്‍ ജാമ്യാപേക്ഷ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കാനുള്ള പ്രതിയുടെ തന്ത്രമായാണ് പോലീസ് ആദ്യം ഇതിനെ കണ്ടത്.എന്നാല്‍ പ്രതി കൈമാറിയ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളയാവുന്നതല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് പ്രതിക്ക് മാപ്പുസാക്ഷിയാകാമെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിയെ മാപ്പുസാക്ഷിയാക്കുന്ന കീഴ്വഴക്കമില്ല. ഇതെ തുടര്‍ന്നാണ് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് നിയമോപദേശം തേടുന്നത്.

പള്‍സര്‍ സുനി ഉള്‍പ്പടെ 7 പ്രതികളാണ് നിലവില്‍ റിമാന്റില്‍ കഴിയുന്നത്.ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചനയായിരുന്നു നടിയെ ആക്രമിച്ച സംഭവമെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ കേസിലെ മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് കൈമാറാം എന്ന് റിമാന്റ് പ്രതികളിലൊരാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News