പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാവും; ദളിത് ബന്ദും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിപക്ഷം ഉന്നയിക്കും

ദില്ലി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം അവസാനിക്കാനിരിക്കെ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാവും.

തുടര്‍ച്ചായി 18 ദിവസവും പാര്‍ലമെന്റ് ബഹളത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു. ദളിത് സംഘടനകള്‍ നടത്തിയ ബന്ദ് ആക്രമാസക്തമായതും, ആന്ധ്രാവിഷയവും, സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഇന്ന് സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളു. ഈ സമ്മേളന കാലയളവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ സഭ പരിച്ചുവിടുക തന്നെയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യം.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കിയിലെങ്കില്‍ സഭ പിരിയുന്ന ദിവസം ടിഡിപി എംപിമാര്‍ രാജിവെക്കും എന്നറിയിച്ചിട്ടുണ്ട്. കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ എംപി എസ്.ആര്‍ മുത്തുകറുപ്പന്‍ കഴിഞ്ഞ ദിവസം രാജ്യസഭാഗംത്വം രാജിവെച്ചിരുന്നു.

എന്‍ഡിഎ ഭരണത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് രാജിവെച്ചു പുറത്തുപോവുക എന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഇരു സഭകളിലും ശക്തമാവുകയാണ്.

ദളിത് സംഘടനകള്‍ നടത്തിയ ബന്ദ് ആക്രമാസക്തമായതും,സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയും, ആന്ധ്രയുടെ പ്രത്യേക പദവിയും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. 19ാം ദിവസവും സഭാ നടപടികള്‍ പ്രക്ഷുബ്ദമാവാനാണ് സാധ്യത.

അതിനിടയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച് പ്രമേയവുമായി രാജ്യസഭയില്‍ മുന്നോട്ട് പോവാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ രാജ്യസഭയിലെ അമ്പത് എം.പിമാരുടെ ഒപ്പു ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഇംപീച്ച്‌മെന്റ് പ്രമേയത്തിലൂടെ പ്രതിപക്ഷ ഐക്യം കൂട്ടി ചേര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here