ചെങ്ങന്നൂരില്‍ പണംവിതറി വോട്ടുപിടിക്കാന്‍ ബിജെപി; വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് നല്‍കുന്നത് 5000 രൂപവരെ; മോദിയുടെ നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ ജോലിവാഗ്ദാനവും; പരാതിയുമായി സിപിഐഎം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ വിദേശഫണ്ട് എത്തിച്ച് വിതരണം. യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.

സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെഎ പിള്ളയുടെ നേതൃത്വത്തിലാണ് വന്‍തുക കൊണ്ടുവന്ന് മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ ചെന്ന് പണം വിതരണം തുടങ്ങിയത്.

ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് 2000 രൂപ മുതല്‍ 5000 രൂപവരെയാണ് അഡ്വാന്‍സ് ആയി ഒരു വീട്ടില്‍ നല്‍കുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്നും വാഗ്ദനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ 49-ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളിലാണ് പണം വിതരണം ചെയ്തത്.

മൂന്ന് കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍, കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണം നല്‍കിയത്.

വീട്ടമ്മമാര്‍ക്ക് പണം നല്‍കുന്നതിനൊപ്പം വീട്ടിലുള്ള കുട്ടികള്‍ക്ക് 50 രൂപ മുതല്‍ 200 രൂപവരെ അവധിക്കാലം ആഘോഷിക്കാനും നല്‍കുന്നുണ്ട്.

നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദേശങ്ങളിലും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും വന്‍ ശമ്പളത്തില്‍ ജോലി നല്‍കുന്ന ഒരു പദ്ധതിയുടെ അപേക്ഷാ ഫോമാണിതെന്ന് വിശദീകരിക്കും.

നരേന്ദ്രമോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്യുകയാണ്. മണ്ഡലത്തിലെ 49 ാം ബൂത്തില്‍ മുണ്ടയ്ക്കല്‍ കിഴക്കേതില്‍ ജയന്റെ ഭാര്യ കലയ്ക്ക് 2000 രൂപ നല്‍കി. സമീപങ്ങളിലും വിവിധ തുക നല്‍കിയയിട്ടുണ്ട്.

ഇതേ ബൂത്തിലെ കിഴവറ മോഡിയില്‍ പ്രദീപിന്റെ മകന്‍ അക്ഷയ് പ്രദീപിന്റെ കൈയിലും കുറ്റിയില്‍ വീട്ടില്‍ കാര്‍ത്തിക്കിനും തുക ലഭിച്ചു.

പണം വിതരണം ചെയ്തത വീടുകളില്‍ ക്യാപ്റ്റന്‍ കെഎ പിള്ളയുടെ സിങ്കപ്പൂര്‍ ബന്ധവും ബിജെപി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. സംഘമായിട്ടാണ് പോകുന്നതെങ്കിലും വീടുകളിലേക്ക് പിള്ളമാത്രമേ കയറുന്നുള്ളൂ.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ താമസക്കാരനോ വോട്ടറോ അല്ല പിള്ള. മണ്ഡലത്തിന് പുറത്തുള്ള വ്യക്തി പണപെട്ടിയുമെടുത്ത് വീടുകയറി വോട്ടിന് പണം അഡ്വാന്‍സ് കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

വിദേശബന്ധമുള്ളവര്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഐഎം ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എംഎച്ച് റഷീദ് പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News