കൃഷ്ണമൃഗ വേട്ടക്കേസില്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍; അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച് ജോധ്പൂര്‍ കോടതി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബിഷ്‌ണോയ് സമുദായം

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും.

ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ്കുമാര്‍ ഖത്രിയാണ് വിധി പ്രസ്താവിച്ചത്. സല്‍മാന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവരെയും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേശ് ഗൗരേയും കോടതി വെറുതെവിട്ടു.

കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്. കോടതിയില്‍ നിന്ന് സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു. വിധി കേള്‍ക്കാന്‍ രാവിലെത്തന്നെ സല്‍മാന്‍ ഖാന്‍ സഹോദരിയോടൊപ്പം കോടതിയിലെത്തി.

മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാഗംങ്ങള്‍ക്കൊപ്പം കോടതിയിലെത്തിയിരുന്നു. വിധി പറയുന്നത് കൊണ്ട് കനത്ത സുരക്ഷയാണ് കോടതി വളപ്പില്‍ ഒരുക്കിയിരുന്നത്.

മാനുകളെ വേട്ടയാടിയതിനു റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസില്‍ നേരത്തേ സല്‍മാനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഖാനെ വെറുതെവിട്ടത്.

മാനുകളെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ ഇവയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.

റേസ് 3യുടെ ഷൂട്ടിങ് ലെക്കേഷനായ അബുദാബിയില്‍ നിന്ന്, വിധി പറയുന്നത് കൊണ്ട് സല്‍മാന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയിരുന്നു. മുംബൈയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഖാന്‍ ജോധ്പൂരില്‍ എത്തിയത്.

വിധി വന്നതോടെ സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ഭാരത് സിനിമയുടെ ചിത്രീകരണവും ഇതോടെ തടസപ്പെട്ടിരിക്കുകയാണ്.

സല്‍മാന്‍ ഖാനെ ശിക്ഷിച്ച നടപടി ബിഷ്‌ണോയ് സമുദായം പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. സെയ്ഫ് അലി ഖാന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹര്‍ജി നല്‍കാനാണ് ബിഷ്‌ണോയ് സമുദായക്കാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News