രാജ്യം കണ്ട ഏറ്റവും നല്ല നടന്‍ മോദിയാണെന്ന് മുകേഷ്; ഓരോ പ്രസ്താവനയും പ്രസംഗവും ഓരോ സിനിമകള്‍

ചെങ്ങന്നൂര്‍: നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും മികച്ച നടനാണെന്ന് എം മുകേഷ് എംഎല്‍എ.

മോദിയുടെ ഓരോ പ്രസ്താവനയും പ്രസംഗവും ഓരോ സിനിമകളാണ്. സിനിമ കുറച്ചുദിവസം ഓടി ലാഭമുണ്ടാക്കും പോലെ ഈ പ്രസംഗങ്ങളും കാലഹരണപ്പെടും. സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചെങ്ങന്നൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബകൂട്ടായ്മകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകേഷ്.

കലാ, സാംസ്‌കാരിക മേഖലകളിലുള്‍പ്പെടെ ഭിന്നിപ്പ് സൃഷ്ടിക്കുംവിധം രാജ്യത്തെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിഘടനരാഷ്ട്രീയം വളര്‍ത്താന്‍ ലക്ഷ്യമിടുന്നതാണ്.

പത്മാവത് സിനിമക്കുനേരെയും കുരീപ്പുഴയും എംടിയും ഉള്‍പ്പെടെയുള്ള സാഹിത്യകാരന്‍മാര്‍ക്കുനേരെയും ഉയര്‍ന്ന സംഘപരിവാര്‍ പ്രതിഷേധം ഒരേ അജന്‍ഡയുടെ വിവിധ ഉദാഹരണങ്ങളാണെന്ന് മുകേഷ് വ്യക്തമാക്കി.

തങ്ങളെ അനുകൂലിക്കുന്ന കലാസൃഷ്ടികള്‍ മാത്രം മതിയെന്ന് പറയുകയാണ് ഇത്തരം പ്രതിഷേധത്തിലൂടെ ബിജെപി. കോണ്‍ഗ്രസിന് ബിജെപിയെ ചെറുക്കാനുള്ള കരുത്തില്ല.

അഴിമതി കൊടികുത്തിവാഴുന്ന കോണ്‍ഗ്രസില്‍നിന്ന് നേതാക്കള്‍ പണം വാങ്ങി ബിജെപിയില്‍ ചേരുന്ന കാഴ്ചയാണ് രാജ്യമെങ്ങും. കേരളത്തിന്റെ മണ്ണില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്ന് പറയാനുള്ള അവസരമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്.

ജീവിതനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം ഇതിനെല്ലാം ചുട്ടമറുപടി നല്‍കുമെന്ന് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യം ഉറച്ചുവിശ്വസിക്കുന്നു.

ആ വിശ്വാസം കാത്തുസൂക്ഷിക്കാനും കെകെ രാമചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സജി ചെറിയാന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും മുകേഷ് അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here