ബല്‍റാം ഫാന്‍സിനോട്, മെഡിക്കല്‍ കേസില്‍ നടന്നതിതാണ്; തൃത്താലക്കാരനായ അഡ്വ. ടികെ സുരേഷ് പറയുന്നു

മെഡിക്കല്‍ കേസിലെ യാഥാര്‍ത്ഥ്യം എന്ത്?.  ബല്‍റാം ഫാന്‍സിന് തകര്‍പ്പന്‍ മറുപടി നല്‍കി തൃത്താലക്കാരന്‍ അഡ്വ. ടികെ സുരേഷ് രംഗത്ത്. തന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തൃത്താലയിലെ വോട്ടറും പട്ടാമ്പിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ  ടികെ സുരേഷ് മറുപടി പറഞ്ഞത്.

കരുണ- കണ്ണൂർ മെഡിക്കൽ കോളേജ് കേസിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് LDF ഗവൺമെന്റിന് തിരിച്ചടിയാവുന്നതെങ്ങിനെ ?

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളില്‍ 2016-17 അധ്യയന വര്‍ഷത്തിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് സുപ്രിം കോടതിയുടെ ഉത്തരവു വന്നിട്ടുള്ളത്.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുൻനിർത്തി മാത്രം പ്രതിപക്ഷ കക്ഷി നേതാക്കളുടെ കൂടി അഭ്യർത്ഥനയെ മാനിച്ച് 20-10-2017 തിയ്യതി ഇറക്കിയ സർക്കാർ ഓര്‍ഡിനൻസാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്.

ഇത് LDF സർക്കാർ വളരെ രഹസ്യമായി ഇക്കഴിഞ്ഞ ദിവസം ഇറക്കിയ ഓർഡിനൻസാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നവർ ഈ കേസിനെക്കുറിച്ചൊന്നു മനസ്സിലാക്കാൻ തയ്യാറാകണം.

2016 -17 മുതലാണ് മെഡിക്കൽ സീറ്റുകളിലേക്ക് NEET അടിസ്ഥാനത്തിൽ കോമൺ കൗൺസിലിങ്ങിലൂടെ പ്രവേശനം നിർബന്ധമാക്കിയത് . അഡ്മിഷൻ പ്രോസസ്സിനെ കുറിച്ച് ബഹു: കേരളാ ഹൈക്കോടതി 26-8-2016 തിയ്യതി
WP ( C) 28041/16 നമ്പർ കേസിലെ ഉത്തരവു പ്രകാരം വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.

ഇതു പ്രകാരം ഓൺലൈനായി മാത്രമേ അഡ്മിഷനായുള്ള അപേക്ഷകൾ സമർപ്പിക്കാനും സ്വീകരിക്കാനും സാദ്ധ്യമാകൂ. ഈ അപേക്ഷകൾ ഉടൻ തന്നെ മെഡിക്കൽ അഡ്മിഷനായി നിയമാനുസൃതമായി നിയമിക്കപ്പെട്ട Admission Supervisory Committee മുമ്പാകെ അതാതു കോളേജുകൾ സമർപ്പിക്കേണ്ടതുമുണ്ട്.

എന്നാൽ ഈ കേസിലുൾപ്പെട്ട കോളേജുകളുടെ വെബ്സൈറ്റുകൾ കൂടുതൽ സമയവും Accessible ആയിരുന്നിലെന്നും അപേക്ഷകളുടെയും മറ്റും വിശദവിവരങ്ങൾ തങ്ങൾക്ക് ലഭ്യമായിരുന്നില്ലെന്നും, അഡ്മിഷൻ സുതാര്യമായില്ലെന്നും , ഇവർ സർക്കാരുമായി കരാറിലേർപ്പെടാതെ അധിക ഫീസ് ഈടാക്കിയെന്നും ഈ രണ്ടു കോളേജുകളും കോടതി നിർദ്ദേശങ്ങൾ നഗ്നമായി ലംഘിച്ചുവെന്നുമാണ് Admission Supervisory Committee യുടെ കണ്ടെത്തൽ.

Admission Supervisory Committee യുടെ കണ്ടെത്തലിനെതിരായി ഈ കോളേജുകൾ ബഹു: കേരള ഹെക്കോടതിയെ സമീപിച്ചെങ്കിലും 28-10-2016ലെ വിധിയിൽ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിക്കയുണ്ടായില്ല.

പിന്നീട് കേസ് സുപ്രീം കോടതിയിലെത്തുകയും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിലപാട് ശരിവെക്കുകയും ചെയ്തു .

ഈ സാഹചര്യത്തിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും സംരക്ഷിക്കണമെന്ന പൊതുവികാരം കേരളത്തിൽ ഉയർന്നുവരികയും സർവ്വ രാഷ്ടീയ കക്ഷികളും ആ ആവശ്യമുയർത്തിപ്പിടിക്കയും പ്രതിപക്ഷ കക്ഷി നേതാക്കളുൾപ്പെടെ സർക്കാറിനോട് അഭ്യർത്ഥിക്കയും ചെയ്തത് കണക്കിലെടുത്ത് 20-10-2017 തിയ്യതി The Kerala Government Promulgated Kerala Professional Colleges ( Regularisation of Admission in Medical Colleges) Ordinance 2017(Ordinance No. 21 of 2017) എന്ന പേരിൽ സർക്കാർ ഓർഡിനൻസ് ഇറക്കുകയും ചെയ്തു.

ഇപ്രകാരം കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയത് സുപ്രിം കോടതി വിധിക്ക് വിരുദ്ധമാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് കണ്ടെത്തിയിട്ടുള്ളത് .

നിരവധി ഭേദഗതികളോടെ ഇന്നലെ കേരളനിയമസഭ ഏകകണ്ഠമായി ബില്‍ പാസാക്കിയെങ്കിലും ബില്ലില്‍ ഗവര്‍ണ്ണര്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലെന്നുമാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും UU ലളിതും ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.

വേണമെങ്കില്‍ ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനും അത് തിരിച്ചയക്കാനും ഗവര്‍ണ്ണര്‍ക്ക് കഴിയും എന്നതുകൊണ്ട് ഈ ഘട്ടത്തില്‍ ബില്‍ കോടതിയ്ക്ക് പരിഗണിക്കാനാവില്ല എന്നാണ് ബഹു: സുപ്രീംകോടതിയുടെ കാഴ്ച്ചപ്പാട്.

180 വിദ്യാര്‍ത്ഥികളെയും കോളെജുകളില്‍ നിന്ന് പുറത്താക്കണമെന്നും വിധി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ മെയ് രണ്ടാം വാരം കോടതി വിശദമായ വാദം കേള്‍ക്കും.

ഇതിൽ മനസ്സിലാക്കേണ്ട സുപ്രധാനമായ കാര്യം ഇന്ന് സുപ്രീം കോടതിയിൽ പരിഗണനയ്ക്ക് വന്നത് ഇന്നലത്തെ ബില്ല് വരുന്നതിനും മുമ്പ് 20-10-2017 തിയ്യതി വന്ന ഓർഡിനൻസിനെതിരായുള്ള പഴയ കേസാണ്.

അല്ലാതെ മനസ്സാക്ഷിക്കുത്തു കൊണ്ട് നിയമസഭ ബഹിഷ്കരിച്ചതായി ഫാൻസിനാൽ വാഴ്ത്തപ്പെടുന്നയാൾ എണീറ്റു പോയനേരം ഫാൻസിന്റെ തന്നെ ഭാഷയിൽ “ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിന്റെ “അംഗീകാരത്തോടെ പാസ്സാക്കിയ പുതിയ ബില്ലിനെതിരായ കേസല്ല

ഇതൊരു പുതിയ കേസാണെന്നും ഇത് LDF ഗവൺമെന്റിന്റെ പിടിപ്പുകേടുകൊണ്ട് ഇന്ന് പൊട്ടി മുളച്ച പ്രശ്നമാണെന്നുമുള്ള പ്രചരണം CPM വിരുദ്ധം മാത്രമാണ്. 2016 മുതൽ കോടതിയ്ക്ക് മുന്നിലുള്ള വിഷയമാണിത്.

ഇതിൽ LDF ഗവൺമെന്റിന് ഒരു തിരിച്ചടിയും നേരിട്ടിട്ടില്ല ..തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിൽ അത് സർക്കാറിനെയും
നിയമ വ്യവസ്ഥയെയും ഗൗനിക്കാത്ത സ്വാശ്രയ മാനേജ്മെന്റുകൾക്കാണ്..

അവരുടെ വലയിൽ വീണ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് ..വരും വർഷങ്ങളിലേക്ക് ഒരു പാഠം കൂടിയാണിത്.

മുൻ ഇടതുമുന്നണി സർക്കാർ സ്വാശ്രയ മാനേജുമെൻറുകളെ നിയന്ത്രിക്കാൻ സ്വാശ്രയ നിയമം കൊണ്ടു വന്നപ്പോൾ
അതിനെ എതിർത്തവരും …. ആ നിയമത്തെ കോടതി റദ്ദ് ചെയ്തപ്പോൾ കൈ കൊട്ടിച്ചിരിച്ചവരും മനസ്സിലാക്കണം…
സ്വാശ്രയ മാനേജ്മെൻറുകളുടെ താന്തോന്നിത്തരത്താൽ തെരുവിലെറിയപ്പെടുന്ന വിദ്യാർത്ഥികളെ കുറിച്ച് …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here