ദേശീയപാത സര്‍വ്വേ നടപടികള്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് മന്ത്രി സുധാകരന്‍; മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

ദില്ലി: ദേശീയപാത നാലുവരി വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരിടത്തും സര്‍വ്വേ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സര്‍വ്വേ നടപടിയും കല്ലിടലും നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി ചില മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തകളാണ്്.

നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പുനഃപരിശോധിക്കുമെന്നു മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും വികസനത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്നതിനു പകരം സര്‍ക്കാരിനെതിരെ നടത്തുന്ന തെറ്റായ പ്രചാരവേലകള്‍ ശരിയാണോയെന്ന് മാധ്യമ സുഹൃത്തുക്കള്‍ ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചേര്‍ത്തല കഴക്കൂട്ടം ദേശീയപാതയില്‍ ഭൂമിയെടുപ്പ് അടയാളപ്പെടുത്താനുള്ള കല്ലുകള്‍ ടെണ്ടര്‍ ചെയ്ത് ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണെന്നും അടുത്ത ആഴ്ചയില്‍ തന്നെ സര്‍വ്വേ നടപടികള്‍ ആരംഭിക്കുമെന്നും, മന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള പുന:പ്പരിശോധനകള്‍ ഇതോടൊപ്പം നടത്തുമെന്നും, ദേശീയ പാത ഭൂമിയെടുപ്പിനായി പ്രത്യേകം നിയോഗിച്ച സംസ്ഥാന തല ഓഫീസര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

മലപ്പുറത്തെ പരാതി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഈ വരുന്ന 11ന് എംപി, എംഎല്‍എ, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുന്നുണ്ട്. സര്‍ക്കാരിന് യാതൊരു വാശിയുമില്ലെന്നും വികസനം നഷ്ടപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശമുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇല്ലാത്ത വാര്‍ത്തകള്‍ സര്‍ക്കാരിന്റേതെന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്നും മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News