ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍; ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കോടിയേരി

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പോലും നല്‍കാന്‍ അനുവദിക്കാതെയാണ് സിപിഐഎം നേതാക്കളെയും പ്രവര്‍ത്തകരെയും സായുധരായ തൃണമൂല്‍ ഗുണ്ടാ സംഘങ്ങള്‍ അക്രമിക്കുന്നത്. പ്രതിപക്ഷ മുക്ത പഞ്ചായത്ത് എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഒത്താശയോടെ ബംഗാളിലുടനീളം കലാപമഴിച്ചുവിടുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രതിപക്ഷ മുക്ത ഭാരതം എന്ന് പറയുന്നതിന്റെ ബംഗാള്‍ പതിപ്പാണ് മമത നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കിയും വെല്ലുവിളിച്ചും കൊണ്ടുള്ള അഴിഞ്ഞാട്ടമാണ് തൃണമൂല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തൃണമൂല്‍ ക്രിമിനലുകള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബസുദേവ ആചാര്യ, രാമചന്ദ്ര ഡോം തുടങ്ങിയവരെ പോലും മൃഗീയമായി അക്രമിച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയം സമാനമായ അക്രമങ്ങളാണ് നടത്തുന്നത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബൂത്തുകയ്യേറിയും അക്രമം നടത്തിയുമാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെങ്കില്‍ ഇത്തവണ അതിന് പോലും കാത്തുനില്‍ക്കാതെ തുടക്കത്തില്‍ത്തന്നെ കലാപമഴിച്ചുവിടുകയാണ്.

രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ് ഇത്തരം കിരാതമായ തെരഞ്ഞെടുപ്പ് അട്ടിമറി. ഈ അക്രമങ്ങളെ അതിജീവിച്ചും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബംഗാളിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സജീവമാണ്.

പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാനും അക്രമങ്ങളെ അമര്‍ച്ച ചെയ്യാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി തയ്യാറാകണം. ഇത്തരം അക്രമങ്ങള്‍ കൊണ്ട് ജനാധിപത്യം അട്ടിമറിച്ച് എന്നും അധികാരത്തില്‍ തുടരാമെന്നത് വെറും വ്യാമോഹമാണ്.

ബംഗാളില്‍ നടക്കുന്ന ഈ കിരാത വാഴ്ചക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കാളികളാകണം.

ബംഗാളിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്താനും മുഴുവന്‍ ജനാധാപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel