മുഖക്കുരുവിന്‍റെ കണക്കെടുത്ത് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരെ; ശരിയെന്തെന്ന് ഇനിയെങ്കിലും തിരിച്ചറിയു; വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍

കവിളില്‌ രണ്ട്‌ ഭാഗത്തും അവിടവിടെ പൊങ്ങുന്ന നടുവിൽ പഴുപ്പുള്ള ചുവന്ന്‌ തുടുത്ത കുരുക്കൾ. നല്ല അസ്സൽ വേദനയാണെന്ന്‌ മാത്രമല്ല, മിക്കവർക്കും ഈ കുരുക്കൾ അപകർഷതാബോധത്തിന്റെ മുഖ്യഹേതു കൂടിയാണ്‌. അത്തരത്തിൽ മുഖത്ത്‌ പ്രത്യക്ഷപ്പെട്ട്‌, ഒരു സുപ്രഭാതത്തിൽ ഇരുനഖങ്ങൾക്കിടയിൽ പെട്ട്‌ ഞെരിഞ്ഞ്‌ ദാരുണാന്ത്യം പ്രാപിച്ച മുഖക്കുരുക്കളുടെ ഓർമ്മയിൽ ഒരു നിമിഷം മൗനം ആചരിച്ച്‌ കൊണ്ട്‌ ഇന്നത്തെ #SecondOpinion ആരംഭിക്കുന്നു.

‘സെബം’ എന്ന്‌ പേരുള്ള എണ്ണമയമുള്ള വസ്‌തുവിന്റെ അമിതമായ ഉൽപാദനം, മുഖത്തെ രോമക്കുഴികളിൽ ഈ വസ്‌തുവും തൊലിയിലെ മൃതകോശങ്ങളും അടിയൽ, പുരുഷ ഹോർമോണുകളുടെ അമിതമായ ഉൽപാദനം, ചിലയിനം ബാക്‌ടീരിയയുടെ പ്രവർത്തനം എന്നിവയാണ്‌ മുഖക്കുരുവിന്റെ പ്രധാനകാരണങ്ങൾ. മുഖത്തും നെറ്റിയിലും കഴുത്തിലും പുറത്തും നെഞ്ചിലും വരെ പല വലുപ്പത്തിൽ രൂപാന്തരം പ്രാപിച്ച്‌ നിലകൊള്ളുന്ന ‘മുഖ’ക്കുരു ചിലർക്കെങ്കിലും വലിയ വിഷമസന്ധിയാണ്‌. ഈ കുരുക്കളെ സത്യത്തിൽ എങ്ങനെയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌ എന്ന്‌ വല്ല പിടിയുമുണ്ടോ?

മുഖം വൃത്തിയായി സൂക്ഷിക്കുക എന്നത്‌ തന്നെയാണ്‌ ആദ്യപടി. കട്ടിയില്ലാത്ത സോപ്പോ ഫേസ്‌വാഷോ കൊണ്ട്‌ ഇടക്കിടെ മുഖം കഴുകുന്നത്‌ നല്ലതാണ്‌. വെറുതേ വെള്ളം കൊണ്ട്‌ കഴുകുന്നത്‌ പോലും ഇതിന്‌ ഫലപ്രദമാണ്‌. മുഖത്ത്‌ പൊടിയും അഴുക്കും അടിഞ്ഞ്‌ മുഖത്തെ സുഷിരങ്ങൾ അടയുന്ന അവസ്‌ഥ വരുന്നത്‌ ഇങ്ങനെ ഒഴിവാക്കാം. പെൺകുട്ടികൾക്കുണ്ടാകുന്ന പി.സി.ഒ.ഡി എന്ന രോഗാവസ്‌ഥയിൽ ധാരാളമായി മുഖക്കുരു ഉണ്ടാകാറുണ്ട്‌. എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം തുടർച്ചയായി കഴിക്കുന്നത്‌ പി.സി.ഒ.ഡി ഉണ്ടാകാനുള്ള ഒരു പ്രധാനകാരണമാണ്‌. അത്തരത്തിൽ നോക്കുമ്പോഴല്ലാതെ, എണ്ണ അധികമുള്ള ഭക്ഷണത്തിന്‌ മുഖക്കുരു ഉണ്ടാക്കുന്നതിൽ നേരിട്ട്‌ പങ്കുണ്ട്‌ എന്നതൊരു അതിപ്രശസ്‌ത അന്ധവിശ്വാസം മാത്രമാണ്‌.

തൊലിയിലെ സുഷിരങ്ങൾ അടയ്‌ക്കുന്ന ക്രീമുകളും മേക്കപ്പ്‌ വസ്‌തുക്കളും മുഖക്കുരു വർദ്ധിപ്പിക്കും. രാത്രി ഉറങ്ങുന്നതിന്‌ മുൻപ്‌ മേക്കപ്പ്‌ നന്നായി വൃത്തിയാക്കിയ ശേഷമേ ഉറങ്ങാൻ പാടുള്ളൂ. സ്‌ക്രബ്‌ ചെയ്യുന്നതും അമിതവൃത്തി പൂണ്ട്‌ ഉരച്ച്‌ തേച്ച്‌ കഴുകുന്നതും ‘വെളുക്കാൻ തേച്ചത്‌ കുരു പ്രൊഡക്ഷൻ കൂട്ടി’ എന്ന അവസ്‌ഥ ഉറപ്പായും ഉണ്ടാക്കും. മാനസികസമ്മർദവും കുരുക്കളുടെ എണ്ണം കൂട്ടാം. കുരു കുത്തിപ്പൊട്ടിച്ചാൽ മുഖത്ത്‌ അടയാളങ്ങളുടെ പെരുന്നാളായിരിക്കും. അതൊഴിവാക്കാം.

ഇത്രയും പറഞ്ഞ സ്‌ഥിതിക്ക്‌ ചികിത്സ പറയാതെ പറ്റൂലല്ലോ. കണ്ണിൽ കണ്ട മരുന്നെല്ലാം സ്വന്തം ഇഷ്‌ടത്തിന്‌ വാരിത്തേച്ച്‌ കുരു ഇല്ലാതാക്കാൻ നോക്കരുത്‌. കൗമാരത്തിൽ ആൺകുട്ടികൾക്കും കൗമാരശേഷം സ്‌ത്രികൾക്കുമാണ്‌ ഈ ഇടങ്ങേറ്‌ കൂടുതൽ. മെഡിക്കൽ ഷോപ്പിൽ പോയുള്ള മരുന്ന്‌ പരീക്ഷണത്തിലും നല്ലത്‌ ഒരു ഡെർമറ്റോളജിസ്‌റ്റിനെ കാണുന്നതാണ്‌. തേക്കാനുള്ള മരുന്ന്‌ മുതൽ പലവിധ ചികിത്സകളുടെ ഒരു കമനീയശേഖരം തന്നെ അവർ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്‌. മറ്റേതെങ്കിലും രോഗം കാരണമാണ്‌ മുഖക്കുരു ഉണ്ടാകുന്നതെങ്കിൽ ആദ്യം അതിന്‌ ചികിത്സിക്കണം. ആ പിന്നേ, മുഖത്തുള്ള എല്ലാ കുരുവും ‘മുഖക്കുരു’ ആവണമെന്നുമില്ല.

ഇനീപ്പോ നാല്‌ കുരു ഉണ്ടെന്ന്‌ കരുതി മൊഞ്ച്‌ പോയെന്ന്‌ ചിന്തിച്ച്‌ ബേജാറാകേണ്ട. മുഖക്കുരുവൊക്കെ സൗന്ദര്യലക്ഷണമാണെന്ന്‌ ഈ വൈകിയ വേളയിലെങ്കിലും നിങ്ങൾ തിരിച്ചറിയണം. മിക്ക കുരുക്കളും വന്ന പോലെ പൊയ്‌ക്കോളും. ഞെക്കാനും കുത്താനും മാന്താനും ഒന്നും ശ്രമിക്കാതെ സമാധാനത്തിന്റെ പാത പിന്തുടരാൻ മാത്രം ശ്രമിച്ചാൽ മതി.

അപ്പോൾ സുന്ദരികളും സുന്ദരൻമാരുമെല്ലാം പോയാട്ടെ… യോഗം പിരിച്ചു വിട്ടിരിക്കുന്നു.?

.
വാൽക്കഷ്‌ണം : മുഖക്കുരു ഉണ്ടാകുന്ന ആൺകുട്ടികളോട്‌ മാത്രം കടുത്ത വിവേചനം പുലർത്തുന്ന ഒരു നാട്ടുപറച്ചിലുണ്ട്‌. പെൺകുട്ടികളെക്കുറിച്ച്‌ ഈ വിഡ്‌ഢിത്തരം അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. കാര്യം എന്താച്ചാൽ, കൂടുതൽ സ്വയംഭോഗം ചെയ്യുന്ന പയ്യൻമാർക്കാണത്രെ മുഖം നിറയെ കുരുക്കളുണ്ടാകുക! ഇത്‌ വിശ്വസിച്ച്‌ മയമില്ലാതെ അവരെ കളിയാക്കുന്നവരോട്‌ പൊരുതാനാവാതെയാണ്‌ മിക്കപ്പോഴും പാവം ആൺകുട്ടി മുഖക്കുരുവിന്‌ മരുന്നന്വേഷിച്ച്‌ ഇറങ്ങുന്നത്‌. ഉള്ളത്‌ പറഞ്ഞാൽ സ്വയംഭോഗവും മുഖക്കുരുവും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ല. സ്വയംഭോഗം ചെയ്യുന്നത്‌ ഒരു വ്യക്‌തിയുടെ സ്വകാര്യത ആണെന്നിരിക്കേ, ഇത്തരം തോന്നുംപടിയുള്ള ഊഹക്കച്ചവടവും മുഖലക്ഷണം പറച്ചിലും പകരുന്ന ക്രൂരമായ പരിഹാസത്തെ ‘മനുഷ്യത്വമില്ലായ്‌മ’ എന്ന്‌ വിളിക്കേണ്ടി വരും. സ്വയംഭോഗത്തിന്റെയും സംഭോഗത്തിൻെയും കണക്കെടുക്കുന്ന കപടസദാചാരം ഉള്ളിലുള്ളവരൊക്കെ മുഖക്കുരുവെണ്ണി സ്വഭാവസർട്ടിഫിക്കറ്റ്‌ നൽകുന്ന പരിപാടി ഒന്ന്‌ മാറ്റിപ്പിടിക്കുന്നതും വളരെ നന്നാകും. അങ്ങനെയൊരു കാര്യം നിലനിൽക്കുന്നേയില്ല. ഇനിയിപ്പോ ഇത്‌ വായിച്ച്‌ എത്ര കുരു പൊട്ടിയോ എന്തോ.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News