ഇ പി ജയരാജനെ അപകീര്‍ത്തിപ്പെടുത്താന്‍ മനോരമ സൃഷ്ടിച്ച ‘ക്ഷേത്ര ദര്‍ശന കഥ’ പൊളിയുന്നു; ക്ഷേത്രത്തില്‍ വന്നത് പൊതുചടങ്ങിനെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

വീണ്ടും മനോരമയുടെ കള്ളക്കഥ പൊളിയുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ അപകീര്‍ത്തിപ്പെടുത്താന്‍ മനോരമ സൃഷ്ടിച്ച ‘ക്ഷേത്ര ദര്‍ശന കഥ’യാണ് പൊളിഞ്ഞത്.

ഉത്സവാഘോഷവുമായി ബന്ധപ്പെട്ട സാംസ്‌കാരിക സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട ജനപ്രതിനിധി, ക്ഷേത്രത്തിലെ കൊത്തുപണി കാണാനായി ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധപ്രകാരം അകത്തു കയറിയിരുന്നു ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് മനോരമ നുണക്കഥ പടച്ചു വിട്ടത്.

മനോരമയുടേത് കള്ളപ്രചരണമാണെന്നും ഇപി ജയരാജന്‍ പൊതുചടങ്ങിലാണ് അന്ന് പങ്കെടുത്തിരുന്നതെന്നും ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

ഇ പി ജയരാജന്‍ എംഎല്‍എ ഒരു വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ പൊതു ചടങ്ങില്‍ പങ്കെടുത്തതിനെ വിവാദമാക്കുന്നത് ഖേദകരമാണെന്നും ബന്ധപ്പെട്ടവര്‍ ഇതില്‍നിന്നു പിന്തിരിയണമെന്നും മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം അധികൃതര്‍. ക്ഷേത്രം ഭാരവാഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയതെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയിലും പൂരമഹോത്സവത്തിലും മറ്റും മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാറുണ്ട്.

2016 ഒക്ടോബര്‍ 13ന് ക്ഷേത്രത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെ ക്ഷണിച്ചിരുന്നു. ആ ദിവസം ജില്ലയിലുണ്ടായ ഒരു അനിഷ്ട സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

തുടര്‍ന്ന് 2017 ഏപ്രില്‍ 2 മുതല്‍ 8വരെ ക്ഷേത്രത്തില്‍ നടക്കുന്ന പൂരമഹോത്സവത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷേത്രക്കമ്മിറ്റിയും പൂരോത്സവകമ്മിറ്റിയും ഇ പി ജയരാജന്‍ എംഎല്‍എയെ ക്ഷണിക്കുകയും ഏപ്രില്‍ 6ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സാംസ്‌കാരിക സമ്മേളനത്തിന്റെയും ആയോധനകലയില്‍ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കള്‍ക്കുള്ള സ്വീകരണത്തിന്റെയും ഉദ്ഘാടനവും ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വീകരണവുമായിരുന്നു പരിപാടി.

ദേവസ്വം ബോര്‍ഡിന്റെയും പൂരമഹോത്സവകമ്മിറ്റിയുടെയും ക്ഷണത്തെ തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങിനെത്തിയ എംഎല്‍എയെ മുഴക്കുന്ന് ടൗണില്‍നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കളരിപ്പയറ്റിന്റെയും അകമ്പടിയോടെ ദേവസ്വം പ്രതിനിധികളുടെയും പൂരമഹോത്സവ കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.

തുടര്‍ന്ന് ക്ഷേത്രത്തിലെ പുരാതനവും അപൂര്‍വവുമായ ചുവര്‍ചിത്രങ്ങളും ശില്‍പകൊത്തുപണികളും കാണുന്നതിനും അവ സംരക്ഷിക്കുന്നതിന് സര്‍ക്കാരില്‍നിന്നുള്‍പ്പെടെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ദേവസ്വം പ്രതിനിധികളോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച് അവ കണ്ടത്. തുടര്‍ന്ന് പൂരോത്സവ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേവസ്വം ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് തിരിച്ചുപോയത്.

ഈ വസ്തുതകള്‍ വളച്ചൊടിച്ച് ചില പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു ജനപ്രതിനിധി ക്ഷേത്രത്തിലെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിനെ വിവാദമാക്കുകയും അതുവഴി മുഴക്കുന്ന് ശ്രീ മൃദംെേഗെശലേശ്വരി ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയുമാണ് ചിലര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

2017 ഏപ്രിലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഇപിയുടെ വീഡിയോ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതിന് വേണ്ടി മനോരമ ഉപയോഗിക്കുകയായിരുന്നു. 2017 ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ നീണ്ടുനിന്ന വിവിധ ദിവസങ്ങളിലെ പരിപാടികളില്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംപി പി കെ ശ്രീമതി ടീച്ചര്‍, സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

കളരിയില്‍ പത്മശ്രീ നേടിയ മീനാക്ഷിയമ്മയെ ആറാം തിയതി സന്ധ്യയ്ക്കു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇ പി ജയരാജന്‍ എംഎല്‍എ ആദരിച്ചിരുന്നു. ഇ പി ജയരാജനെ അവഹേളിക്കാന്‍ ബോധപൂര്‍വം മനോരമ കെട്ടിചമച്ച വാര്‍ത്തയുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News