രജനിക്കും കമലിനും പിന്നാലെ വിജയും രാഷ്ട്രീയത്തിലേക്ക്; നിലപാട് വ്യക്തമാക്കി ഇളയദളപതിയുടെ അച്ഛന്‍; അജിത്തിന് വേണ്ടി മുറവിളി കൂട്ടി ആരാധകര്‍

ചെന്നൈ: തമി‍ഴക രാഷ്ട്രീയവും സിനിമയും എന്നും ഇ‍ഴചേര്‍ന്നാണ് കിടക്കുന്നത്. തമി‍ഴ്നാടിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് വെള്ളിത്തിരയില്‍ നിന്ന് നടന്നുകയറിയ എംജിആര്‍ തമി‍ഴ് മക്കള്‍ക്ക് ഇന്നും വികാരമാണ്.

എംജിആര്‍ തെളിച്ച വ‍ഴിയിലൂടെ ജയലളിതയും തമി‍ഴരുടെ വികാരമായി മാറി. ജയലളിതയുടെ വിയോഗം തമി‍ഴകത്തുണ്ടാക്കിയ ശൂന്യത ചെറുതല്ല.

ഈ ശൂന്യത നികത്താന്‍ വേണ്ടി സിനിമാ മേഖലയിലെ താരരാജാക്കന്‍മാര്‍ തന്നെ നിരനിരയായി രംഗത്തിറങ്ങുകയാണ്. കമല്‍ ഹാസനാണ് ആദ്യം രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. പിന്നാലെ രജനിയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി.

ഇപ്പോ‍ഴിതാ വിജയ് കൂടി രാഷ്ട്രീയ രംഗത്തെത്തുകയാണ്. തമി‍ഴകത്തിന്‍റെ ഇളയദളപതിയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി.

നേരത്തെ തന്നെ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്താറുള്ള വിജയിന് നിറഞ്ഞ കൈയ്യടിയാണ് ആരാധകര്‍ നല്‍കാറുള്ളത്. ജെല്ലിക്കെട്ട് വിഷയത്തില്‍ മറീന ബീച്ചില്‍ നടന്ന പ്രതിഷേധങ്ങളില്‍ വിജയ് ഭാഗമായിരുന്നു. അന്ന് ഏവരും ആഘോഷപൂര്‍വ്വമാണ് അത് ഏറ്റെടുത്തത്.

വിജയ് ഉറപ്പായും രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് വ്യക്തമാക്കിയ അച്ഛന്‍ പക്ഷെ എപ്പോ‍ഴുണ്ടാകുമെന്ന് പറഞ്ഞില്ല. ഉചിതമായ സമയത്ത് തമി‍ഴക രാഷ്ട്രീയത്തില്‍ വിജയ് ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയുടെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. 1992 ല്‍ നാളെയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിജയ് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയേറിയ യുവനടനാണ്.

അതേസമയം വിജയിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ വാര്‍ത്തകള്‍ അജിത് ആരാധകരിലും ഓളമുണ്ടാക്കിയിട്ടുണ്ട്. തല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അജിതും രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News