മഞ്ഞപ്പിത്ത ബാധ രൂക്ഷം; തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ 150 വിദ്യാര്‍ഥികള്‍ ചികിത്സയില്‍

വേനല്‍ കനത്തതോടെ തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ മഞ്ഞപ്പിത്ത ബാധ രൂക്ഷമാകുന്നു. നിലവില്‍ മഞ്ഞപ്പിത്തം ബാധിച്ച് നൂറ്റിയമ്പത് വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. ഇതോടെ അടുത്തയാ‍ഴ്ച്ച ആരംഭിക്കാനിരിക്കുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ യൂണിവേ‍ഴ്സിറ്റിക്ക് കത്തയച്ചു.

രണ്ട് മാസമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജിനും, ഹോസ്റ്റലുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങി വിവിധ ജില്ലകളിലായി ചികിത്സയിലാണ്. നിലവില്‍ രണ്ടായിരത്തിയഞ്ഞൂറ് പേര്‍ പഠിക്കുന്ന കോളേജില്‍ നൂറ്റിയന്‍പത് പേര്‍ രോഗബാധിതരാണ്.

അടുത്തയാ‍ഴ്്ച്ച സര്‍വ്വകലാശാല പരീക്ഷ ആരംഭിക്കാനിരിക്കെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ മടങ്ങിയെത്തി തുടങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കും രോഗം കണ്ടെത്തിയതോടെ വിദ്യാര്‍ഥികള്‍ പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.

വിദ്യാര്‍ഥികളുടെ ആവശ്യ കണക്കിലെടുത്ത് തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പ്രത്യേക പരീക്ഷ നടത്താനോ, പരീക്ഷ മാറ്റിവെക്കണമെന്നോ അഭ്യര്‍ഥിച്ച് പ്രിന്‍സിപ്പാള്‍ യൂണിവേ‍ഴ്സിറ്റിക്ക് കത്ത് നല്‍കി. സാങ്കേതിക സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല എന്നിവര്‍ക്കാണ് കത്തയച്ചത്.

തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്ക് രോഗബാധ ഉണ്ടായിട്ടും അധികൃതര്‍ക്ക് ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനകള്‍ക്ക് ശേഷമെ ഹോസ്റ്റല്‍ തുറന്നു കൊടുക്കാനാകുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News