സമൂഹത്തിന്‍റെ സവര്‍ണമനോഭാവത്തെ വിമര്‍ശിച്ച് ആഭാസം; റിലീസിന് ഒരുങ്ങുന്നു

നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന “ആഭാസം” റിലീസിന് ഒരുങ്ങുന്നു.ഏപ്രില്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംസ്‌കാരം എന്ന പേരിലും സദാചാരം എന്ന പേരിലും അടിച്ചേല്‍പ്പിക്കുന്ന വൃത്തികേടുകളെയും സമൂഹത്തില്‍ നിലനില്‍ക്കുന്ന സവര്‍ണ മനോഭാവത്തെയുമാണ് ചിത്രം വിമര്‍ശന വിധേയമാക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

രാജീവ് രവിയുടെ നേതൃത്വത്തില്‍ കളക്ടീവ് ഫേസ് വണ്‍ നിര്‍മിക്കുന്ന ആഭാസത്തില്‍ സുരാജിന് പുറമേ റിമ കല്ലിങ്ങല്‍, ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യം എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.

സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. യുവതലമുറക്കിടയില്‍ തരംഗമായി മാറിയ ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം. പ്രസന്ന എസ് കുമാര്‍ ആണ് ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. രംഗനാഥ് രവിയാണ് ശബ്ദ രൂപകല്‍പ്പന.

തുടക്കം മുതല്‍ നിരവധി വിവാദങ്ങളാണ് സിനിമയെ പിന്തുടര്‍ന്നത്. നീണ്ട അവകാശപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നേരത്തെ ആദ്യ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.

ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. തുടര്‍ന്ന് ഡല്‍ഹി ട്രൈബ്യൂണലിലാണ് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉത്തരവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News