രാജ്യത്തെ മികച്ച സ്റ്റേഷനുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഹൈദരാബാദിലെ പഞ്ചഗുഡാ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തെലുങ്കാന ആഭ്യന്തര മന്ത്രി നയിനി നാറാംസിംഹ റെഡ്‌ഡി, ഡി.ജി.പി മഹേന്ദ്ര റെഡ്‌ഡി എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി പൊലീസുകാരുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെ സമ്മര്‍ദം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍, കൗണ്‍സിലിങ്ങ് റൂമുകള്‍, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, മറ്റു അനുബന്ധ സംവിധാനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.

രാജ്യത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷന്‍ ആയി പുഞ്ചഗുട്ടയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. 2.5 ലക്ഷം ജനസംഖ്യയാണ് പുഞ്ചഗുട്ട സ്റ്റേഷന്‍ പരിധിയില്‍ വരുന്നത്.

സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ എത്തിയതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം.