മോദി വാക്കുപാലിച്ചു; ഇന്ധനവിലയില്‍ മറ്റുള്ളവര്‍ക്ക് 60 വര്‍ഷം കൊണ്ട് ചെയ്യാനാകാത്തത് നാല് വര്‍ഷം കൊണ്ട് ചെയ്തുകാട്ടി; പെട്രോള്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; നിഷ്ക്രീയമായി മോദി സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പ്രധാനപ്പെട്ട മുദ്രാവാക്യമായിരുന്നു 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാനാകാത്തത് താന്‍ 60 മാസം കൊണ്ട് ചെയ്തുകാട്ടുമെന്നത്. അധികാരത്തിലേറി നാല്‍പത്തിയെട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ വാക്കുപാലിച്ചെന്ന ചാരിതാര്‍ത്ഥ്യമുണ്ടാകും മോദിക്ക്.

ഇന്ധനവില വര്‍ധനവിന്‍റെ കാര്യത്തില്‍ രാജ്യത്ത് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടത്തിലാണ് മോദിസര്‍ക്കാര്‍. ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയപ്പോള്‍ പെട്രോള്‍ വിലയും സമാനമായ കുതിപ്പിലാണ്.

രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 74.08രൂപയാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. 2013 ലാണ് പെട്രോള്‍ വില സമാനമായ അവസ്ഥയിലെത്തിയിട്ടുള്ളത്.

അതേസമയം ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചതില്‍ മോദി ഭരണകൂടത്തിന് അഭിമാനിക്കാം. ദില്ലിയില്‍ 65.31 രൂപയാണ് ഡീസലിന്റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയിലുമാണ് ഡീസല്‍ വില എത്തിനില്‍ക്കുന്നത്.

ഈ വര്‍ഷം നാല് മാസങ്ങള്‍കൊണ്ട് പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധനവിലയുടെ കാര്യത്തില്‍ എന്നും ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ചിരുന്ന മോദി ഇപ്പോള്‍ മൗനത്തിലാണ്. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നികുതി കുറയ്ക്കലും എണ്ണകമ്പനികളെ നിയന്ത്രിക്കുന്നതുമടക്കമുള്ള കാര്യങ്ങളില്‍ മോദി ഭരണകൂടം നിഷ്ക്രീയമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതാണ് പ്രശ്നങ്ങളുടെ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News