ബിജെപി സർക്കാരിനെ പുറത്താക്കാൻ രാഷ്ട്രീയ അടവുനയം കൈക്കൊള്ളുമ്പോൾ കോൺഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്ന വ്യക്തമായ മാർഗനിർദേശമാണ് സമ്മേളനം അംഗീകരിച്ചത്; ഇതിലൂടെ ധാരണ‐ കൂട്ടുകെട്ട് തുടങ്ങിയവ സംബന്ധിച്ച അവ്യക്തത ദൂരീകരിക്കുകയാണ് ചെയ്തിരിക്കുന്നത്

സിപിഐ എം രാഷ്ട്രീയപ്രമേയം പാർടി കോൺഗ്രസ് വെള്ളിയാഴ്ചയാണ് അംഗീകരിച്ചത്. രണ്ടുമാസംമുമ്പ് പാർടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തോടൊപ്പം പ്രമേയത്തിന്മേൽ ലഭിച്ച ഭേദഗതിനിർദേശങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് സഹിതമാണ് പ്രകാശ് കാരാട്ട് പാർടി കോൺഗ്രസിൽ അവതരിപ്പിച്ചത്. 19നും 20നും നടന്ന ചർച്ചയിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് 47 പ്രതിനിധികൾ സംസാരിച്ചു.

സംസാരിച്ച പ്രതിനിധികളിൽ പലരിൽനിന്നും ഭേദഗതികളും നിർദേശങ്ങളും ലഭിച്ചു. ഇതെല്ലാം പരിഗണിച്ചാണ് രാഷ്ട്രീയ അടവുനയം എന്തായിരിക്കണമെന്ന് പാർടി കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിച്ച പൊളിറ്റ്ബ്യൂറോ യോഗം ചേർന്ന് പരിശോധിച്ചത്. ചില പ്രതിനിധികളിൽനിന്നുണ്ടായ സംശയങ്ങളിൽ വ്യക്തതവരുത്തിയുള്ള സ്റ്റിയറിങ് കമ്മിറ്റിയുടെ ഭേദഗതി, തുടർന്ന്് പ്രകാശ് കാരാട്ട് പാർടി കോൺഗ്രസിൽ അവതരിപ്പിച്ചു. ആ ഭേദഗതി സമ്മേളനം അംഗീകരിക്കുകയാണ് ചെയ്തത്. ഇതിലൂടെ നേരത്തെ സമർപ്പിച്ച കരടുപ്രമേയത്തിൽ നിർദേശിച്ച രാഷ്ട്രീയ അടവുനയത്തിന് വ്യക്തതവരുത്തുകയാണുണ്ടായത്. ഇതുസംബന്ധിച്ച ചില മാധ്യമവാർത്തകൾ പരിശോധിച്ചാൽ കുരുടൻ ആനയെ കണ്ടപോലെ പ്രശ്നങ്ങളെ വിലയിരുത്തുന്ന രീതിയാണ് സ്വീകരിച്ചതെന്ന് കാണാം.

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യവിപത്ത് ആർഎസ്എസ് നയിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണെന്നും ഈ സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സാധ്യമാകുന്ന ഏതവസരവും ഉപയോഗിക്കാൻ പരമാവധി ബിജെപിവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ സഹായമായ നിലപാട് തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിക്കണമെന്നും കരട് രാഷ്ട്രീയപ്രമേയത്തിലെ 2.115 എട്ട് ഖണ്ഡികയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇതുസംബന്ധിച്ച് രാഷ്ട്രീയ അടവുനയം കൈക്കൊള്ളുമ്പോൾ കോൺഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്ന വ്യക്തമായ മാർഗനിർദേശമാണ് സമ്മേളനം അംഗീകരിച്ച രേഖ. ഇതിലൂടെ ധാരണ‐ കൂട്ടുകെട്ട് തുടങ്ങിയവ സംബന്ധിച്ച അവ്യക്തത ദൂരീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ബിജെപിക്കെതിരെ കോൺഗ്രസുമായും മറ്റു ബൂർഷ്വാ കക്ഷികളുമായും ഏതെല്ലാം പ്രശ്നങ്ങളിൽ ധാരണയാകാമെന്ന മൂർത്തമായ രൂപമാണ് ഇപ്പോൾ സമ്മേളനം നൽകിയിട്ടുള്ളത്. കരടുപ്രമേയത്തിലെ പാരഗ്രാഫ് 2.115ൽ ഭേദഗതി വരുത്തിയ നാലാംവകുപ്പ് നോക്കുക‐ “പാർലമെന്റിനകത്ത് യോജിപ്പുള്ള വിഷയങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർടികളുമായി സഹകരിക്കും. പാർലമെന്റിന് പുറത്ത് വർഗീയതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ കക്ഷികളുമായി വിശാലാടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കണം. കോൺഗ്രസിനും മറ്റു ബൂർഷ്വാ പാർടികൾക്കും ഒപ്പം നിൽക്കുന്നവരെക്കൂടി അടുപ്പിക്കുംവിധം വർഗ‐ ബഹുജന സംഘടനകളുടെ യോജിച്ച മുന്നേറ്റം ശക്തിപ്പെടുത്തണം.”

കോൺഗ്രസ് ബന്ധം സംബന്ധിച്ച്, ഈ രാഷ്ട്രീയപ്രമേയം അംഗീകരിച്ചതോടെ പാർടിക്കുള്ളിൽ ഇപ്പോൾ ഒരുവിധ അവ്യക്തതയും ഇല്ല. ഈ നിലപാട് വിവിധ പ്രശ്നങ്ങളിൽ പാർടി നേരത്തെ സ്വീകരിച്ചതുതന്നെയാണ്. ബിജെപിക്കെതിരെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും പാർലമെന്റിന്റെ അകത്ത് നടത്തുന്ന ഇടപെടലുകളിലും വർഗീയതയ്ക്കെതിരായ പ്രക്ഷോഭങ്ങളിലും പാർടി അംഗീകരിച്ചുവരുന്ന സമീപനവുമാണിത്.

സിപിഐ എമ്മിനകത്ത് രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നത് ബിജെപിയും കോൺഗ്രസും മറ്റു ബൂർഷ്വാ പാർടികളും സ്വീകരിക്കുന്ന രീതിയിലല്ല. ആർഎസ്എസ് സർസംഘ്ചാലകിന്റെ തീരുമാനമാണ് ബിജെപിയുടെ തീരുമാനമെങ്കിൽ, പാർടി അധ്യക്ഷന്റെ തീരുമാനമാണ് കോൺഗ്രസിന്റെ തീരുമാനം. പാർടിക്കകത്തുള്ള മറ്റാരുടെയും അഭിപ്രായം സ്വീകരിക്കാറില്ല. അഭിപ്രായം ചോദിക്കാറുമില്ല. ഇതിൽനിന്ന് വ്യത്യസ്തമായി എല്ലാ പാർടി അംഗങ്ങൾക്കും അഭിപ്രായരൂപീകരണത്തിൽ പങ്കാളിത്തം നൽകിയുള്ള ഉൾപ്പാർടി ചർച്ചയാണ് സിപിഐ എമ്മിൽ നടന്നതും നടത്തുന്നതും.

സിപിഐ എമ്മിൽ രണ്ട് ചേരികളുണ്ടെന്ന് സ്ഥാപിക്കാനാണ് ബൂർഷ്വാ മാധ്യമങ്ങൾ തുടർച്ചയായ വാർത്തകൾ നൽകുന്നത്. അതുവഴി സിപിഐ എമ്മിനെ കോൺഗ്രസിന്റെകൂടെ നിൽക്കുന്ന ഒരു പാർടിയായി ചിത്രീകരിക്കുകയാണ് ഉദ്ദേശ്യം. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സ്വതന്ത്ര കാഴ്ചപ്പാടാണ് സിപിഐ എമ്മിനുള്ളത്. കോൺഗ്രസ് നേരത്തെ നടപ്പാക്കിയതും ബിജെപി സർക്കാർ പിന്തുടർന്നതുമായ ഉദാരവൽക്കരണ സാമ്പത്തികനയം ശക്തമാക്കുകയാണ് ബിജെപി ചെയ്യുന്നത്.

ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടമാണ് രാജ്യത്തെ കർഷകരും തൊഴിലാളികളും വിദ്യാർഥികളും സ്ത്രീകളും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളും ഏറ്റെടുത്തിരിക്കുന്നത്. കോൺഗ്രസുമായി കൂട്ടുണ്ടാക്കിയാൽ ഈ പോരാട്ടം ദുർബലപ്പെടുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ രാഷ്ട്രീയകൂട്ടുകെട്ട് എന്ന നിലയിൽ ഒരു ബന്ധം കോൺഗ്രസുമായി ഉണ്ടാക്കാൻ സാധ്യമല്ലെന്നാണ് രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നത്. നയപരമായി യോജിപ്പുള്ള കക്ഷികളുമായിമാത്രമേ രാഷ്ട്രീയകൂട്ടുകെട്ട് ഉണ്ടാക്കാൻ പാടുള്ളൂ എന്ന പാർടിനയം ഒരിക്കൽക്കൂടി ആവർത്തിക്കുകയാണ് പ്രമേയത്തിൽ ചെയ്തത്.

രഹസ്യബാലറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ കേന്ദ്ര കമ്മിറ്റി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം തള്ളിപ്പോകുമെന്നതുകൊണ്ടാണ് ചില ഭേദഗതി വരുത്തിയതെന്ന് ചില മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത് കണ്ടു. പാർടിക്കകത്ത് വ്യത്യസ്ത അഭിപ്രായം വന്നാൽ തീരുമാനം എടുക്കുന്ന രീതി നേരത്തെതന്നെ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. പാർടി ഭരണഘടനപ്രകാരം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽമാത്രമാണ് രഹസ്യബാലറ്റ് അനുവദിച്ചിട്ടുള്ളത്. മറ്റെല്ലാ നയപരമായ വിഷയങ്ങളിലും ഓരോരുത്തരുടെയും അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് തീരുമാനം എടുക്കുന്ന പരസ്യ വോട്ടെടുപ്പുരീതിയാണ് പാർടി അംഗീകരിച്ചിട്ടുള്ളത്.

സ്വന്തം രാഷ്ട്രീയനിലപാട് തുറന്ന് പ്രകടിപ്പിക്കുന്നതിൽ ഒരു പ്രതിനിധിയും ഭയപ്പെടേണ്ട അവസ്ഥ സിപിഐ എമ്മിനകത്തില്ല. പാർടി സെക്രട്ടറി തെരഞ്ഞെടുപ്പ്, പൊളിറ്റ്ബ്യൂറോ തെരഞ്ഞെടുപ്പ്, സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പുവരെ എല്ലാം പരസ്യ വോട്ടെടുപ്പാണ് പാർടി അംഗീകരിച്ചത്. ലോക്കൽ കമ്മിറ്റിമുതൽ ഏത് ഉയർന്ന കമ്മിറ്റി തെരഞ്ഞെടുപ്പായാലും രഹസ്യബാലറ്റ് അടിസ്ഥാനത്തിലായിരിക്കും.

വ്യക്തമായ ഈ ഭരണഘടനാവ്യവസ്ഥ ഉൾക്കൊള്ളുന്ന പാർടിയുടെ സംവിധാനം സംബന്ധിച്ച് അജ്ഞത നടിച്ചുള്ള പ്രചാരണമാണ് ചിലർ ഏറ്റെടുത്തിരിക്കുന്നത്. ശത്രുവിനെ ദുർബലപ്പെടുത്താനുള്ള പോരാട്ടത്തിൽ എങ്ങനെ പാർടിയെ ഒറ്റക്കെട്ടായി നിർത്താമെന്ന വ്യക്തമായ മാർഗനിർദേശമാണ് പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയരേഖ. പാർടി ഒറ്റക്കെട്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ആശയവ്യക്തതയോടെ ഇടപെടാൻ പോകുന്നുവെന്നത് ശത്രുവർഗത്തെ നിരാശപ്പെടുത്തിയിരിക്കുന്നു. അതിന്റെ ഭാഗമായുള്ള വെപ്രാളമാണ് സമ്മേളന നടപടി സംബന്ധിച്ച് ചില മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News