വീരതെലങ്കാനയിൽ നിന്ന് ചെങ്കൊടിയേന്തിയ യെച്ചൂരി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പോരാട്ടങ്ങളെ നയിക്കും

1977 ൽ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷവും അധികാരത്തിൽ കടിച്ചു തൂങ്ങിയ ഇന്ദിരാഗാന്ധിയോട് ജെ എൻ യു വൈസ് ചാൻസലർ സ്ഥാനം ഒ‍ഴിയാൻ ആവശ്യപ്പെട്ട വിദ്യാർഥി നേതാവിന്‍റെ അതേ കരളുറപ്പും കരുത്തുമാണ് ഇപ്പോ‍ഴും സീതാറാം യെച്ചൂരിക്കുള്ളത്.

പിഞ്ചുകുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുന്ന ഫാഷിഷ്സ്റ്റ് ഭരണകൂടത്തിന്‍റെ നെറികെട്ട കാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ രണ്ടാം വട്ടവും യെച്ചൂരിക്ക് നയിക്കാൻ ക‍ഴിയുന്നതും അനീതിക്കെതിരെ വിട്ടുവീ‍ഴ്ച ചെയ്യാൻ കൂട്ടാക്കാത്ത ഇതേ കരളുറപ്പു കൊണ്ടു തന്നെ.

ചുവന്നമുളകിന്‍റെ എരിവും പോരാട്ടവീര്യത്തിന്‍റെ കരുത്തുമുള്ള വീരതെലങ്കാനയിൽ പിറന്ന യെച്ചൂരിക്ക് കമ്മ്യൂണിസ്റ്റാകാതിരിക്കാൻ ക‍ഴിയുമായിരുന്നില്ല. 1952ൽ ഓഗസ്റ്റ് 12 ന് സർവേശ്വര സോമയാലുവിന്‍റെയും കൽപ്പാക്കത്തിന്‍റെയും മകനായി പിറന്ന സീതീറാം യെച്ചൂരി അഖിലേന്ത്യതലത്തിൽ ഒന്നാം സ്ഥാനത്തോടെയാണ് ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയത്.

തുടർന്ന് ദില്ലി സെന്‍റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ധനതത്വ ശാസ്ത്രത്തിൽ ബിരുദവും ജെ എൻ യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ യെച്ചുരിക്ക് അടിയന്തരാവസ്ഥയെത്തുടർന്ന് ഗവേഷണപ്രവർത്തനം പൂർത്തിയാക്കാൻ ക‍ഴിഞ്ഞില്ല.

ജെ എൻ യുവിലെ പഠനമാണ് അക്ഷരാർഥത്തിൽ യെച്ചൂരി എന്ന പ്രത്യയശാസ്ത്രബോധ്യമുള്ള കമ്മ്യൂണിസ്റ്റിനെ വാർത്തെടുത്തത്. ഉയർന്ന ശമ്പളമുള്ള നിരവധി ജോലികൾ തേടിയെത്തിയെങ്കിലും സമൂഹത്തെയാകെ പുതുക്കിപ്പണിയുന്ന വിപ്ളവപ്രവർത്തനം തെരഞ്ഞെടുത്തത് തെറ്റായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

1975ൽ സി പി ഐ എം അംഗമായ യെച്ചൂരി അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടു.  1978 ൽ എസ് എഫ് ഐയുടെ അഖിലേന്ത്യ സെക്രട്ടറിയായ യെച്ചൂരി പിന്നീട് സിപി ഐ എം കേന്ദ കമ്മിറ്റി അംഗം,സെക്രട്ടേറിയേറ്റ് അംഗം,പി ബി മെമ്പർ തുടങ്ങിയ പദവികളും വഹിച്ചു.

2005ൽ രാജ്യസഭാംഗമായ യെച്ചൂരി യു പി എ സർക്കാറുകളുടെയും എൻ ഡി എ സർക്കാറിന്‍റെയും ജനവിരുദ്ധനയങ്ങൾക്കെതിരെ ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിച്ചു കൊണ്ട് പാർലമെന്റും പ്രക്ഷോഭത്തിനുള്ള വേദിയാക്കാമെന്ന് തെളിയിച്ചു.2015 ലാണ് കാരാട്ടിന്‍റെ പിൻമുറക്കാരനായി പാർട്ടിയുടെ ജനറൽ സെക്രട്ടറിപദം ആദ്യമായി ഏറ്റെടുക്കുന്നത്.

ഫാഷിസം പടിവാതില്‍ക്കലല്ല,  നമ്മുടെ വീട്ടിനകത്തേക്ക്തന്നെയെത്തിയെന്ന് പലവട്ടം പറഞ്ഞ യെച്ചൂരി ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയാലേ രാജ്യത്തിന് രക്ഷയുള്ളൂ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സംഘപരിവാറിന്റെ ശൂലമുനയിൽ രാജ്യം ഞെരിഞ്ഞമരുമ്പോൾ ഒരു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ മനുഷ്യ സ്നേഹികളും മതേതരവാദികളുമെല്ലാം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് തൊ‍ഴിലാളിവർഗപ്പാർട്ടിയുടെ ഈ കരുത്തുറ്റ നേതാവിനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News