23 വര്‍ഷം മുമ്പ് ഇന്ദ്രന്‍സ് തയ്ച്ചുകൊടുത്ത ഷര്‍ട്ടുമായി ഭദ്രന്‍ ജെബി ജംഗ്ഷനിലെത്തി ഞെട്ടിച്ചു; വര്‍ഷത്തില്‍ ഒരു ഷര്‍ട്ടെങ്കിലും തയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ ഇന്ദ്രന്‍സിന്‍റെ മാസ് മറുപടി; ഏവരും ഞെട്ടിയെന്ന് മാത്രമല്ല എ‍ഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള‍ വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനം കാട്ടുന്ന ഇന്ദ്രന്‍സ് സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയതിന്‍റെ തിളക്കവുമായാണ് ജെബി ജംഗ്ഷനിലെത്തിയത്. നര്‍മ്മവും രസകരവും ചിന്തിപ്പിക്കുന്നതുമായ മറുപടിയുമായി ഇന്ദ്രന്‍സ് ഏവരുടെയും മനം കവര്‍ന്നു.

ഇന്ദ്രന്‍സിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയവരില്‍ സംവിധായകന്‍ ഭദ്രന്‍ ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരോര്‍മ പങ്കുവെച്ച ഭദ്രന്‍ ഇന്ദ്രൻസിനെയെന്നല്ല ജെ ബി ജങ്ഷനെയും ആവേശത്തിലാക്കി.

ഒരു ഞെട്ടലിനു തയ്യാറാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഭദ്രൻ 23 വര്‍ഷം മുമ്പ് സ്ഫടികത്തിന്‍റെ ചിത്രീകരണത്തിനിടെയുള്ള ആ സംഭവം വിവരിച്ചത്.

പത്മരാജൻ അടക്കമുള്ള ഒട്ടേറെ സംവിധായകരുടെ പ്രിയപ്പെട്ട വസ്ത്രാലങ്കാരകനായിരുന്നു അന്ന് സുരേന്ദ്രൻ എന്ന ഇന്ദ്രന്‍സ്. 1995 ല്‍ പുറത്തിറങ്ങിയ സ്ഫടികത്തില്‍ വസ്ത്രാലങ്കാരകനായെത്തിയ ഇന്ദ്രന്സിന് സംവിധായകൻ ഭദ്രൻ ഒരു വേഷം കൂടി നൽകി. ശ്രീരാമന്‍ അവതരിപ്പിച്ച പൂക്കോയയുടെ സഹായിയായുള്ള വേഷം ഇന്ദ്രന്‍സ് അവിസ്മരണീയമാക്കി.

ഷൂട്ടിംഗിനിടെ ഒരു ദിവസം ഭദ്രന്‍ റൂമിൽ വിളിച്ചുവരുത്തി അഭിനയിച്ചതിന് പ്രതിഫലമായി 101 രൂപ നൽകിയ കാര്യം ജെ ബി ജങ്ഷനിലൂടെ ഇന്ദ്രൻസ് ഓർമിച്ചു. അന്ന് ഇന്ദ്രൻസ് ഡിസൈൻ ചെയ്തുകൊടുത്ത ഷർട്ട് ധരിച്ചുകൊണ്ടാണ് ഭദ്രൻ ജെ ബി ജങ്ഷനിലൂടെ ഇന്ദ്രന്‍സിനോട് സംസാരിച്ചത്.

രണ്ടര പതിറ്റാണ്ടോളമായിട്ടും ഇന്ദ്രൻസിനോടുള്ള സ്നേഹത്തിന്‍റെ സ്മാരകമായി ഞാൻ ഇപ്പോഴും ഇത്  സൂക്ഷിക്കുന്നു എന്ന് ഭദ്രന്‍ പറഞ്ഞുവച്ചപ്പോള്‍ ഇന്ദ്രൻസ് വികാരാധീനനായി.

“വർഷത്തിൽ ഒരു ഷർട്ട് എങ്കിലും തയ്ക്കണം , ആദ്യം പഠിച്ച തൊഴിൽ ആണ് മറക്കരുത് “എന്നു പറഞ്ഞുകൊണ്ടാണ് ഭദ്രൻ അവസാനിപ്പിച്ചത്. ഇതിനുള്ള ഇന്ദ്രന്‍സിന്‍റെ മറുപടി സിനിമാപ്രേമികള്‍ക്കെന്നല്ല മലയാളികള്‍ക്കാകെ അഭിമാനമാണ്.

ഇന്ദ്രന്‍സിന്‍റെ മറുപടി കേട്ട് ഭദ്രനെന്നല്ല ഏവരും ഞെട്ടിയിട്ടുണ്ടാകും. ഇന്നും ഞാന്‍ തയ്ക്കുന്നുണ്ട് എന്നായിരുന്നു ഇന്ദ്രന്‍സിന്‍റെ മറുപടി.

കൈയിലെ കത്രിക പാടുകൾ കാണിച്ചു കൊണ്ട് ഇന്ദ്രൻസ് പറഞ്ഞു “ഞാൻ ഇപ്പോഴും അനിയന്മാർക്കുവേണ്ടി തുണി കട്ട് ചെയ്യാറുണ്ട് , എനിക്കും കുഞ്ഞു മക്കൾക്കുമൊക്കെയായി സ്വന്തമായി തയ്ക്കാറുമുണ്ട്”.

കഷ്ടപ്പാടുകൾക്കിടയിൽ നിന്നും സ്വപ്രയത്നത്തിലൂടെയും ആത്മാർത്ഥമായ അഭിനയ ജീവിതത്തിലൂടെയും ഉയർന്നുവന്ന ഇന്ദ്രൻസ് ജെ ബി ജങ്ഷനിലൂടെ ഹൃദയം തുറന്നപ്പോള്‍ അത് ഏവര്‍ക്കും മറക്കാനാകാത്ത അനുഭവമായി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here