കണ്ണൂരിലെ ദുരൂഹമരണങ്ങള്‍; മൂന്ന് മാസം മുമ്പ് സംസ്കരിച്ച 9 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

കണ്ണൂർ പിണറായിയിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ മൂന്ന് മാസം മുൻപ് സംസ്കരിച്ച ഒൻപതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ചർദി ബാധിച്ച് ഈ കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്തിനെ തുടർന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

തലശേരി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് സർജൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാസപരിശോധനയ്ക്കായി ശരീരഭാഗങ്ങൾ ശേഖരിച്ചു.

ജനവരി 21നാണ് ഐശ്വര്യ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഐശ്വര്യയുടെ അമ്മ സൗമ്യയെ ചർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വീട്ടിലെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം വേഗത്തിലായത്.

കഴിഞ്ഞ മാസം ഏഴിന് സൗമ്യയുടെ അമ്മ കമലയും ഈമാസം പതിമൂന്നിന് അച്ഛൻ കുഞ്ഞിക്കണ്ണനും ചർദിയെത്തുടർന്ന് മരിച്ചിരുന്നു. ആറുവർഷം മുൻപ് സൗമ്യയുടെ ഒന്നരവയസുള്ള മകൾ കീർത്തന മരിച്ചതും സമാന സാഹചര്യത്തിലായിരുന്നു. തുടർ മരണങ്ങൾ നാട്ടുകാരെ കടുത്ത ആശങ്കയിലാക്കിയതായി പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ പറഞ്ഞു.

പരാതി ഇല്ലാത്തതിനാൽ കുട്ടികളുടെ മൃത ദേഹങ്ങൾ പോസ്റ്റ് മോർട്ടം ഇല്ലാതെയാണ് സംസ്കരിച്ചിരുന്നത്.എന്നാൽ
കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃത ദേഹം പോസ്റ്റ് മോർട്ടം നടത്തി ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലവും അടുത്ത ദിവസം ലഭിക്കും. പ്രദേശത്തെ 25 കിണറുകൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here