ശ്രദ്ധേയമായി ‘എക്കോലോഗ്‌’; നവ്യാനുഭവമായി പെരിയാര്‍ കടുവ സങ്കേതത്തിലേക്കൊരു യാത്ര

വനത്തെയും വന്യജീവികളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ നടന്ന ക്യാമ്പ്‌ ശ്രദ്ധേയമായി. വനം വകുപ്പും ഇടുക്കി പ്രസ്‌ ക്ലബ്ബും ചേര്‍ന്നാണ്‌ എക്കോലോഗ്‌ എന്ന പേരില്‍ ദ്വിദിന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

കടുവയും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശൈലികളും എന്ന വിഷയത്തിലെ സെമിനാറോടെയായിരുന്നു ക്യാമ്പിന്‌ തുടക്കം. പെരിയാര്‍ കടുവ സങ്കേതം തേക്കടി ഈസ്‌റ്റ്‌ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാര്‍, പ്രമുഖ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകയും സാഹിത്യകാരിയുമായ പ്രേര്‍ണ ബിന്ദ്ര എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി.

വനം, വന്യജീവി സംരക്ഷണത്തിന്‌ മാധ്യമപ്രവര്‍ത്തകരും വനം വകുപ്പും ഒരുമിച്ച്‌ പ്രവര്‍ത്തക്കണമെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന്‌ പെരിയാര്‍ കടുവ സങ്കേതത്തിലെ ഏക ആദിവാസി സെറ്റില്‍മെന്റ്‌ കോളനിയായ വഞ്ചിവയല്‍ സന്ദര്‍ശനം.

ജൈവ കുരുമുളക്‌ കൃഷിയിലൂടെ പ്രശസ്‌തമായ കൊച്ചുഗ്രാമത്തെ അടുത്തറിയുകയായിരുന്നു ലക്ഷ്യം. പിന്നീട്‌ വനമേഖലയില്‍ ക്യാമറ സ്ഥാപിച്ച്‌ മൃഗങ്ങളുടെ കണക്കെടുക്കുന്നത്‌ സംബന്ധിച്ച ക്ലാസ്‌ നടന്നു.

രണ്ടാം ദിവസം രാവിലെയുള്ള ട്രക്കിങ്ങില്‍ മലയണ്ണാന്‍, സിംഹവാലന്‍ കുരങ്ങ്‌ എന്നീ മൃഗങ്ങളെയും വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷികളെയും കാണാന്‍ കഴിഞ്ഞു. ശേഷം തേക്കടി തടാകത്തില്‍ നടന്ന ബോട്ടിങ്ങില്‍ ആന, കാട്ടുപോത്ത്‌, മ്ലാവ്‌ , ചെന്നായ എന്നീ മൃഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ കാണാന്‍ കഴിഞ്ഞതും നവ്യാനുഭവമായി. ലോകമെമ്പാടുമുള്ള ജീവജാലങ്ങളുടെ വിവരങ്ങള്‍ ലളിതവും കൗതുകവുമായി പരിചയപ്പെടുത്തുന്ന പെരിയാര്‍ നാച്ച്വര്‍ ഇന്റര്‍പ്രിറ്റേഷന്‍ സെന്ററും ക്യാമ്പിനെത്തിയവര്‍ക്ക്‌ പുതുമയുള്ള കാഴ്‌ചയായി.

20 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി വനം വകുപ്പ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News