കോണ്‍ഗ്രസിന്‍റെ കൈകളിലും മുസ്ലിം രക്തക്കറയുണ്ട്; കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വാക്കുകളില്‍ വിവാദം കത്തുന്നു

കോണ്‍ഗ്രസിന്റെ കൈകളില്‍ മുസ്ലിം രക്തക്കറയുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പരമാര്‍ശം വിവാദമാകുന്നു. അലിഖണ്ഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ ഒരു വിദ്യാര്‍ത്ഥി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഖുര്‍ഷിദ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പറഞ്ഞ മറുപടിയില്‍ ഖേദമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സല്‍മാന്‍ ഖുര്‍ഷിദ്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ഉണ്ടായ കലാപങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം. മുസ്ലീം മതവിശ്വാസികളുടെ രക്തത്തിന്റെ കറ കോണ്‍ഗ്രസിന്റെയും തന്റേയും കൈകളില്‍ പറ്റിയിട്ടുണ്ടെന്നും ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ആ കളങ്കം തന്റെ കൈകളിലുമുണ്ടെന്നും ഖുര്‍ഷിദ് പറയുകയുണ്ടായി.

ചരിത്രം തിരുത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കിയത്.ഹാഷിംപുര, മല്യാന, മീററ്റ്, മുസാഫര്‍നഗര്‍, ഭഗല്‍പുര്‍, മൊറാദാബാദ് തുടങ്ങിയ മുസ്ലീം വിരുദ്ധ കലാപങ്ങളും അലിഘട്ട്, ബാബ്റി മസ്ജിദ് പൊളിക്കല്‍ എന്നിവയും കോണ്‍ഗ്രസ് ഭരണകാലത്തല്ലേ നടന്നത്.

ഈ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ കഴുകി കളയാനാകുമെന്ന് ഒരു വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഖുര്‍ഷിദിന്റെ മറുപടി. പ്രതികരണം ചര്‍ച്ചയായപ്പോഴും മറുപടിയില്‍ ഖേദമില്ലെന്നും ഇതുതന്നെയാണ് പറയാനുള്ളത് എന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തെ എതിര്‍ത്തും സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തിയിരുന്നു.അതേസമയം, കോണ്‍ഗ്രസ് അവരുടെ പാപങ്ങള്‍ക്ക് വില നല്‍കുന്ന സമയമാണിതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിക്കുകയുണ്ടായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here