ശുഭാനന്ദ ഗുരുദേവന്റെ 136-ാം ജന്മദിനം; സ്വാമി ധർമ തീർത്ഥർ അനുസ്മരിക്കുന്നു

ശുഭാനന്ദ ഗുരുവിന്റെ ചരിത്രം ഒരു കാലഘട്ടത്തിലെ കേരള ചരിത്രംതന്നെയാണ്. ഏതാണ്ട് ഒരേ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്നവരാണ് ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, ശ്രീശുഭാനന്ദ ഗുരു എന്നീ ആചാര്യത്രയങ്ങൾ. എന്നാൽ, വിജ്ഞാനം കൊണ്ടും പ്രവർത്തന നൈപുണ്യംകൊണ്ടും മുന്നിൽത്തന്നെയുള്ള ശുഭാനന്ദ ഗുരുവിന്റെ നാമം നമ്മുടെ നാട് വേണ്ടപോലെ അറിയുകയോ അദ്ദേഹത്തിന് അർഹിക്കുന്നവിധം അംഗീകാരംകൊടുക്കുകയോ ചെയ്തിട്ടില്ല.

ജാതിവ്യവസ്ഥ അതിന്റെ സർവക്രൂരതകളോടുംകൂടി കൊടികുത്തിവാണിരുന്ന കേരള ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ ശുഭാനന്ദ ഗുരു ജനിച്ചത് സാംബവ കുലത്തിലാണ്. ഉടമകൾ അടിമകളോടു കാട്ടുന്ന അസമത്വവും കൊടുംക്രൂരതകളും കണ്ടാണ് ഗുരുദേവൻ ചെറുപ്പകാലം കഴിച്ചുകൂട്ടിയത്. ഉടമകൾക്ക് അടിമകളെ തല്ലാനും കൊല്ലാനും കൈമാറ്റം ചെയ്യാനും രാപ്പകൽ വേലചെയ്യിക്കാനും അധികാരമുണ്ടായിരുന്നു.

പാർപ്പിടമോ ശരിയായ കൂലിയോ ലഭിക്കാതെ അടിമകൾ ദുരിതമനുഭവിക്കുന്ന കാലം. ശിശുക്കളുള്ള സ്ത്രീകൾ പാടത്തിറങ്ങുമ്പോൾ വരമ്പിൽ ഒരു കുഴികുത്തി അവിടെയായിരുന്നു കുഞ്ഞുങ്ങളെ കിടത്തിയിരുന്നത്. അവർക്ക് നേരത്തിന് മുലപ്പാൽ കൊടുക്കാൻപോലും ജന്മി അനുവദിച്ചില്ല. വേല കഴിഞ്ഞുകയറി വരുമ്പോൾ കുഞ്ഞുങ്ങളെ ഉറുമ്പരിച്ച് അവരുടെ ജീവൻ പോയിട്ടുള്ള അനേക സംഭവം അക്കാലത്ത് നടന്നിട്ടുണ്ട്. കന്നുകാലിയോടൊപ്പം അടിമയുടെ തോളിൽ നുകംവച്ച് ഉഴുമായിരുന്നു.

ഉഴവുകാളയ്ക്ക് ഏറ്റിരുന്നതിൽ കൂടുതൽ അടി അടിമ ഏൽക്കണമായിരുന്നു. പള്ളിക്കൂടങ്ങളിലോ അമ്പലങ്ങളിലോ അവരെ കയറ്റിയിരുന്നില്ല. മൃഗങ്ങൾ യഥേഷ്ടം സഞ്ചരിച്ചിരുന്ന വഴികളിൽക്കൂടി നടക്കാൻപോലും അടിമകൾക്ക് അവകാശമില്ലായിരുന്നു. ഇപ്രകാരം പെരുമാറിയിരുന്നതിനെല്ലാം കാരണം ജാതിയായിരുന്നു. ജാതിവ്യത്യാസം കൊടികുത്തി വാണ ആ കാലഘട്ടത്തിന് നേർ സാക്ഷിയാണ് ശുഭാനന്ദ ഗുരു. അവശജനങ്ങളെ ഉദ്ധരിക്കാൻ ശുഭാനന്ദ ഗുരു സ്ഥാപിച്ച ആദർശമാണ് ആത്മബോധോദയസംഘം.

അടിമകളുടെ കുടിലുകൾ സന്ദർശിച്ച് അവരോടൊപ്പം താമസിച്ച് അവരെ വെടിപ്പും വൃത്തിയുമുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശുഭാനന്ദ ഗുരുദേവൻ കഠിനപ്രയത്നം ചെയ്തു. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും അടിമജനങ്ങളെ വിമുക്തരാക്കി ചിന്തകന്മാരും ശാന്തശീലരുമാക്കിത്തീർത്തു. വയൽക്കരകളിൽ ഇരുന്നുകൊണ്ട് ലളിതമായ ഗാനങ്ങളിൽക്കൂടി അവരിലേക്ക് അറിവുപകർന്നു കൊടുത്തു.

കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിൽ ചേർക്കാനും അവരുടെ തുടർന്നുള്ള വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കാനും അവരുടെ മാതാപിതാക്കളെ ഗുരുദേവൻ ഒരുക്കിയെടുത്തു. മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമം കേന്ദ്രമാക്കി അവശജനോദ്ധാരണം നടത്തിയ ശുഭാനന്ദ ഗുരു പ്രവർത്തനം അടിമകളുടെ ജീവിതത്തിൽ വൻമാറ്റം വരുത്തി. എല്ലാ ജാതിമതവിഭാഗങ്ങളിലുംപെട്ട ഒരു പ്രാപ്തിയുമില്ലാത്തവരെയാണ് ശുഭാനന്ദ ഗുരു അവശരായി കണ്ടത്. ലോകത്തിലുള്ള എല്ലാ മനുഷ്യരെയും ഒന്നുപോലെ കാണാൻ ഉൾക്കാഴ്ചയുള്ള വിശ്വമാനവനായിരുന്നു ഗുരു.

താൻ സ്ഥാപിച്ച ആത്മബോധോദയസംഘവും ജാതിക്കും മതത്തിനും ഭാഷയ്ക്കും എല്ലാം അതീതമായി മാനവരാശിയെ ഒന്നായി കാണുകയും ഏവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ്. അവശജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്തിരതിരുനാൾ മഹാരാജാവിനെ നേരിട്ടുകണ്ട് നിവേദനം കൊടുത്ത ശുഭാനന്ദ ഗുരുവിന്റെ ചരിത്രം എങ്ങനെയൊക്കെയോ തമസ്കരിക്കപ്പെട്ടു കിടക്കുകയാണ്.

ഗവേഷകനും ചിന്തകനും ചരിത്രകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ കേരളത്തിലെ നവോത്ഥാന നായകന്മാർ എന്ന ഗ്രന്ഥത്തിൽ മതസ്ഥാപകരും മതനിഷേധികളും എന്ന അധ്യായത്തിൽ ശുഭാനന്ദ ഗുരുവിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ കോഴിക്കോട്ട്് സമ്മേളനത്തിൽ ശുഭാനന്ദ ഗുരുദേവന്റെ ചിത്രവും ഒരു ലഘുവിവരണവും ഉൾപ്പെടുത്തിയിരുന്നത് ഞങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു.

ആത്മബോധോദയസംഘ സ്ഥാപകനായ ശുഭാനന്ദ ഗുരുവിന്റെ 136‐ാമത് ജന്മദിന മഹോത്സവം വിവിധ പരിപാടികളോടുകൂടി വ്യാഴാഴ്ച നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനപരിപാടികൾ ഉദ്ഘാടനംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News