കാശ് തന്ന മമ്മൂട്ടിയോട് ശ്രീനിവാസന്‍ പറഞ്ഞു; കല്ല്യാണത്തിന് വരരുത്; പ്രസംഗം വൈറലാകുന്നു

1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് തീരുമാനം. ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റര്‍ ഓഫീസില്‍വച്ചാണ് വിവാഹമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞു.

സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു. അതില്‍ 400 രൂപയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി. ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.

`അതിരാത്രം സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ ക്ഷണിച്ചത്. കണ്ണൂരാണ് ലൊക്കേഷന്‍. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നതും ഞാന്‍ പറഞ്ഞു നാളെ എന്റെ വിവാഹമാണ്. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റര്‍ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു.

തുക തന്നിട്ട് അദ്ദേഹം പറഞ്ഞു കല്യാണത്തിന് ഞാനും വരും. അത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, കല്യാണത്തിന് വരരുത്, വന്നാല്‍ കല്യാണം കലങ്ങും. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാന്‍ വീണ്ടും പറഞ്ഞു, ആരും അറിയാതെ രെജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്.. എന്നാല്‍ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.”

അങ്ങനെ സ്വര്‍ണതാലി വാങ്ങി, രജിസ്റ്റര്‍ ഓഫീസിന്റെ വരാന്തയില്‍വച്ചായിരുന്നു ശ്രീനിവാസന്‍റെ താലി കെട്ട്. ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപ, ഹിന്ദുവായ പെണ്‍കുട്ടിയുടെ കഴുത്തില്‍ കെട്ടിയ സ്വര്‍ണ താലി. ഇങ്ങനെയായിരുന്നു തന്‍റെ വിവാഹമെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ കരഘോഷം.

ഒരു ചാനല്‍ പരിപാടിയില്‍ മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ ശ്രീനിവാസന്‍ തന്റെ കല്യാണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. മാസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here