കോട്ടയം: ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചു തുരുത്ത് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിയ്ക്ക് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു.

മണിമലയാറിനാല്‍ ചുറ്റപ്പെട്ട കുളത്തൂര്‍മൂഴിക്ക് സമീപം പുതിയൊരു ചെക്ക്ഡാം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഈ ചെക്ക് ഡാമിന്റെ സമീപ പ്രദേശത്തുളള തുരുത്താണ് വെള്ളാവൂര്‍ ദ്വീപ് എന്നറിയപ്പെടുന്നത്. സാഹസിക ടൂറിസമാണ് ദ്വീപില്‍ ലക്ഷ്യമിടുന്നതെന്ന് വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശ്രീജിത്ത് പറഞ്ഞു.

മൊത്തം 80 സെന്റ് കരഭൂമിയിലാണ് മണിമലയാറിന്റെ നടുക്കുള്ള വെള്ളാവൂര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ആറിന്റെ കരയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കും. കുളത്തൂര്‍മൂഴിയില്‍ നിന്നാരംഭിച്ച് ദ്വീപിന്റെ നേരെ എതിര്‍വശം വരെ നീളുന്ന ഒരു നടപ്പാതയും നിര്‍മ്മിക്കും.

ഈ നടപ്പാതയില്‍ നിന്നും ദ്വീപിലെത്താന്‍ വടം കെട്ടിയുണ്ടാക്കുന്ന നടപ്പാലം നിര്‍മ്മിക്കും. വടം കൊണ്ടുള്ള നടപ്പാലത്തിനപ്പുറം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് വടത്തില്‍ തൂങ്ങിയാടി ദ്വീപിനുള്ളില്‍ പ്രവേശിക്കാനും വഴിയൊരുക്കും. വന്‍മരങ്ങള്‍ തണലൊരുക്കുന്ന തുരുത്തിലെ ഓരോ സാഹസിക പ്രവര്‍ത്തനങ്ങളും മരങ്ങളുമായി ബന്ധപ്പെടുത്തി തന്നെയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന പാര്‍ക്കും ആകര്‍ഷണീയമാകും. ചെക്ക്ഡാമിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭീമാകാരനായ ബലൂണിനുള്ളില്‍ ആളുകളെ കയറ്റി വെളളത്തിലൂടെ ഒഴുക്കി വിടുന്ന വിനോദ പരിപാടിയായ വാട്ടര്‍ സോര്‍ബിങ് പോലുള്ള സാഹസിക വിനോദ പരിപാടികള്‍ക്കും തുടക്കം കുറിക്കും.

മാനം മുട്ടെ ഉയര്‍ന്നു പൊങ്ങുന്ന ഊഞ്ഞാലുകളും ഏറുമാടങ്ങളും വിനോദത്തിന് പ്രത്യേകമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 കോടി 50 ലക്ഷം രൂപയാണ് വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കൂടാതെ മണിമലയാറിന്റെ വശങ്ങളിലെ വാക്-വേ നിര്‍മ്മാണത്തിനും പെഡസ്ട്രിയല്‍ ബോട്ടിംഗ് സംവിധാനത്തിനുമായി മൂന്ന് കോടി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

മണിമല പോലീസ് സ്റ്റേഷന്‍, വെള്ളാവൂര്‍ പഞ്ചായത്ത് ,വെള്ളാവൂര്‍ ഫോക് ലോര്‍ അക്കാദമി എന്നിവയ്ക്ക് മുന്‍പിലൂടെ പുഴയിലൂടെ ഒരു സവാരി എന്ന രീതിയിലാണ് ബോട്ടിംഗ് സംവിധാനം ക്രമപ്പെടുത്തുന്നത്. മൂങ്ങാനി ചെക്ക്ഡാം മുതല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മണിമല കൊച്ചു പാലം വരെയുള്ള 700 മീറ്റര്‍ നടപ്പാത ആകര്‍ഷകമാക്കി നവീകരിക്കും.

രാത്രികാലങ്ങളിലെ ലൈറ്റനിംഗ് സമ്പ്രദായവും പദ്ധതിയിലുണ്ട് . ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ വെള്ളാവൂര്‍ ടൂറിസം പദ്ധതി കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് കമ്പനി ലിമിറ്റഡ് ആണ് നടപ്പിലാക്കുന്നത്.