ചെങ്ങന്നൂരിലെ ബിജെപി ക്യാമ്പ് ആളൊഴിഞ്ഞ പടകുടീരമാകുന്നു; തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലം വിടുന്നു; അണികള്‍ നിരാശയില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് കേവലം 26 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലം വിടുന്നു.

നാല് ജില്ലകളിലായി നടക്കുന്ന മറ്റ് പ്രചരണ ജാഥകളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നേതാക്കള്‍ ചെങ്ങന്നൂരിനെ ഉപേക്ഷിക്കുന്നത്.

മണ്ഡത്തിലെ അടിസ്ഥാന പ്രചരണ പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റി കിടക്കവേ നേതൃത്യത്തിന്റെ മെല്ലെ പോക്കില്‍ ബിജെപി അണികള്‍ നിരാശയിലാണ്. അടുത്തിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും കാണിക്കാത്ത ബിജെപി ഉദാസീനത മറ്റ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പിന് കേവലം 26 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒന്നടങ്കം മറ്റ് ജില്ലകളില്‍ പ്രചരണത്തിനായി പോകുന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്.

BDJS അടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍പ്പ് തുടരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോലും ഇതുവരെ നടത്താന്‍ കഴിയാഞ്ഞിട്ടില്ല.
ഇതിനിടയിലാണ് നേതാക്കന്‍മാര്‍ ഒന്നടങ്കം മണ്ഡലം വിട്ട് പോകുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാട്‌സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ജാഥ നടത്തുമ്പോള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി AN രാധാകൃഷ്ണന്‍ മധു, ശ്രീജിത്ത് വിഷയം ഉന്നയിച്ച് അട്ടപ്പാടിയില്‍ നിന്ന് വരാപ്പുഴയിലേക്കും, മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്‍ കോഴിക്കോടുമാണ് ജാഥ നടത്തുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യ ചുമതലക്കാരനായ എംടി രമേശ് പത്തനംതിട്ടയില്‍ ജാഥ നടത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും ബിജെപിക്ക് ഉളളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഥ കളക്ട്രേറ്റ് മാര്‍ച്ച് മാത്രമാക്കി ചുരുക്കി.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മറ്റ് പാര്‍ട്ടികള്‍ കുടുംബയോഗങ്ങളും, കോര്‍ണ്ണര്‍ മീറ്റിംഗിലേക്കും കടന്നിരിക്കവേ ബിജെപി ഇതുവരെ ഇത്തരം പ്രചരണ രീതിയിലേക്ക് കടന്നിട്ടേ ഇല്ല. ഒരു തവണ മാത്രമാണ് ഇതു വരെ സന്ദര്‍ശനം നടത്തിയത്.

ബിജെപിയുമായി ബന്ധപ്പെട്ട മൈക്ക് അനൗണ്‍സ്‌മെന്റ് പോലും മണ്ഡലത്തില്‍ നടത്തിയിട്ടില്ല. മണ്ഡലത്തിലെ അടിസ്ഥാന ജോലികള്‍ പലതും ഇനിയും പൂര്‍ത്തീകരിക്കാന്‍ ഉള്ളപ്പോഴാണ് നേതാക്കന്‍മാര്‍ ഒന്നടങ്കം മണ്ഡലം വിട്ട് പുറത്തേക്ക് പോകുന്നത്.

എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വാര്‍ത്ത സമ്മേളനങ്ങള്‍ തകൃതിയായി നടത്തുകയും ചെയ്യുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യം ആണ്. ഉപതെരഞ്ഞെടുപ്പിന്റെ പടിവാതുക്കല്‍ വെച്ച് ഇത്തരത്തില്‍ ജാഥ നടത്തുന്നത് വഴി നേതൃത്വത്തിന്റെ ശ്രദ്ധ വികേന്ദ്രീകരിക്കപ്പെടും എന്നത് ഉറപ്പാണെന്നിരിക്കെ നേതൃത്വത്തിന്റെ നടപടി അണികളുടെ നിരാശയുണ്ടാക്കിയിട്ടുണ്ട്.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാന സമ്മേളനം പോലും മാറ്റി വെച്ച മുന്‍ അനുഭവം ഉണ്ടെന്ന് ഇരിക്കെ ചെങ്ങന്നൂരില്‍ ബിജെപി ഉദാസീനത തുടരുന്നു.

മറ്റ് തിരഞ്ഞെടുപ്പുകളില്‍ കാട്ടിയ ആവേശത്തിന്റെ പകുതി പോലും ബിജെപി ചെങ്ങന്നൂരില്‍ കാണിക്കാത്തത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍ ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ എവിടെയും പാളിച്ചയില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഗോപകുമാര്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here