വിദ്യാഭ്യാസകാലത്ത‌് നെയ‌്ത്ത‌് തൊഴിൽ പഠിച്ചിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. സ‌്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോമിന്‍റെയും പാഠപുസ‌്തക വിതരണത്തിന്‍റെയും സംസ്ഥാനതല ഉദ‌്ഘാടനം മണക്കാട‌് സ‌്കൂളിൽ നിർവഹിച്ച് സംസാരിക്കുമ്പോ‍ഴായിരുന്നു ആ ഒാർമ്മകൾ അദ്ദേഹം പങ്കുവച്ചത്.

എസ‌്എസ‌്എൽസി പരീക്ഷ കഴിഞ്ഞ സമയമാണ്. സ്ഥലത്തില്ലാതിരുന്ന കാരണത്താൽ കോളേജിൽ ചേരാനുള്ള അപേക്ഷ നൽകാൻ താമസിച്ചുപോയി. എന്നാൽ ഒരു വർഷം നഷ്ടമാകുമെന്നോർത്തപ്പോൾ ‌എന്തുചെയ്യുമെന്നായി പിന്നീടുള്ള ആലോചന. അടുത്തുള്ള നെയ‌്ത്തുശാലയിൽപോയി നെയ്യ്ത്ത് പഠിക്കാൻ തീരുമാനിച്ചു.

പഠിക്കാൻ ഒരുപാട‌് മാസമൊന്നുമെടുത്തില്ല. നെയ്യ്ത്ത് പഠിക്കുകയും നെയ‌്ത് കൂലിയും വാങ്ങിയ ആളാണ‌് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയടികളോടെയാണ‌് മുഖ്യമന്ത്രിയുടെ വാക്കുകളെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിറഞ്ഞ സദസ‌് സ്വീകരിച്ചത‌്.

കൈത്തറിയെപ്പറ്റി അറിയാത്തവർക്ക‌്, നെയ്യാനുള്ള പരിശീലനം നൽകുന്നുവെന്നൊക്കെ കേൾക്കുമ്പോൾ വർഷങ്ങൾ നീണ്ട പരിശീലനമാണന്ന‌് തോന്നും. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട‌് പഠിക്കാൻ കഴിയുന്ന തൊഴിലാണ‌് നെയ‌്ത്ത‌് എന്ന് പറഞ്ഞപ്പോ‍ഴായിരുന്നു മുഖ്യമന്ത്രി തന്‍റെ അനുഭവം പങ്കുവച്ചത്.