സുഭദ്രാമ്മ തങ്കച്ചി –സന്യാസി പ്രസ്ഥാനകാലത്തെ ത്യാഗപുത്രി

സുഭദ്രാമ്മ തങ്കച്ചി – തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമ്മകൾ’ വായിച്ചർ ആ പേരു മറക്കില്ല. സുഭദ്രാമ്മ ഓർമ്മയാകുമ്പോൾ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ എ‍ഴുത്തുകാരന്റെ ആ വരികൾ കണ്ണീരോടെയല്ലാതെ ആർക്കും വായിക്കാനാകില്ല.

പാർട്ടി നിരോധിക്കപ്പെട്ട കാലത്തെ ഒരു സംഭവം പറഞ്ഞുകൊണ്ടാണ് അദ്ദേഹം സുഭദ്രാമ്മയെ അനുസ്മരിക്കുന്നത്.

സുഭദ്രാമ്മയുടെ സഹോദരൻ രാജശേഖരൻ തമ്പിയ്ക്കെതിരേ പാർട്ടി നടപടിയെടുത്തു. രാജശേഖരൻ തമ്പിയുടെ ജ്യേഷ്ഠൻ കൂടിയായ ശങ്കരനാരായണൻ തമ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒളിവിലിരിക്കുന്ന തമ്പിയുടെ എല്ലാ പാർട്ടി ബന്ധങ്ങളും വിച്ഛേദിച്ചു. ഒരു പോലീസുകാരനെ കൊന്ന കേസിൽ പിടികിട്ടാപ്പുള്ളിയാണ് അന്ന് രാജശേഖരൻ തമ്പി.

ഒളിവിടം വിട്ടിറങ്ങേണ്ടി വന്ന രാജശേഖരൻ തമ്പി പോയത് സ്വന്തം വീട്ടിലേയ്ക്കാണ്. തമ്പിയുടെ ജ്യേഷ്ഠത്തിയും അനുജത്തിയുമാണ് ആ വീട്ടിൽ താമസം. രണ്ടു പേരും പാർട്ടി അംഗങ്ങളാണ്. പാർട്ടി നടപടിയെടുത്ത സഹോദരന് ആ വീട്ടിൽ അഭയം കൊടുക്കാനാവില്ല എന്നാണ് ആ സഹോദരിമാർ പറഞ്ഞത്.

ഭാസി എ‍ഴുതുന്നു:

“അവർ (സുഭദ്രാമ്മ) രാജനോടു പറഞ്ഞു: ‘രാജപ്പൻ ചേട്ടാ, ഞങ്ങള് പാർട്ടി മെമ്പറന്മാരാണ്. രാജപ്പൻ ചേട്ടന്റെ പേരിൽ പാർട്ടി നടപടിയെടുത്തിരിക്കയാണല്ലോ. ആ സ്ഥിതിക്ക് നമ്മളൊരുമിച്ച് ഇവിടെ താമസിക്കുന്നത് ശരിയാണോ?’

“രാജന്റെ കണ്ണുകളിൽക്കൂടി കണ്ണുനീർ ഒ‍ഴുകി. അതുകണ്ട് ചോദ്യമുന്നയിച്ച സുഭദ്രാമ്മ ഉറക്കെ കരഞ്ഞു!

“ഏതായാലും പാർട്ടി മെമ്പറന്മാരും നടപടിക്കു വിധേയനായ ആളും കൂടി ഒരുമിച്ചു താമസിക്കുന്നതിന്റെ ശരിയും തെറ്റും നിർണ്ണയിക്കാൻ കാലമെടുത്തില്ല. അന്നു വീടു പരിശോധിച്ചപ്പോൾ രാജനെ അറസ്റ്റ് ചെയ്തു.”

ഈ കഥ പറഞ്ഞുകൊണ്ട് തോപ്പിൽ ഭാസി എ‍ഴുതുന്നു.“ഇതുപോലെ ശുദ്ധഗതിക്കാരിയായ ഒരു പാവത്തിനെ പെൺവർഗ്ഗത്തിൽ ഞാൻ കണ്ടിട്ടില്ല. പാർട്ടി താല്പര്യത്തിനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചേക്കൂ എന്ന് ആരെങ്കിലും പറഞ്ഞാൽ ഉത്തമബോധ്യത്തോടെ കരഞ്ഞുകൊണ്ട് അവരത് ചെയ്യും!”

കമ്യൂണിസ്റ്റ് പാർട്ടി നിയമവിരുദ്ധമായിരുന്ന ഒരു കാലത്തെ സംഭവമാണിത്. ‘ഒരു തരത്തിൽ ഒരു സന്യാസിപ്രസ്ഥാനം പോലെയായിരുന്നു അന്നു പാർട്ടി” എന്ന് ആ കാലത്തെ തോപ്പിൽ ഭാസി വിശേഷിപ്പിക്കുന്നുമുണ്ട്.

സുഭദ്രാമ്മയുടെ കണ്ണടയുമ്പോൾ കടന്നു പോകുന്നത് കമ്യൂണിസ്റ്റ് ചരിത്രത്തിലെ ആ സന്യാസിപ്രസ്ഥാനകാലത്തിന്റെ ത്യാഗപുത്രിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News