ബിജെപിയെയും തൃണമൂലിനേയും തുല്യ ശത്രുക്കളായിട്ടാണ് ഇടതുമുന്നണി കണക്കാക്കുന്നതെന്ന് ബിമന്‍ ബസു; ബംഗാളില്‍ സിപിഐഎം-ബിജെപി ധാരണ എന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎം-ബിജെപി ധാരണ എന്ന തലക്കെട്ടില്‍ പ്രമുഖ മലയാള പത്രത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബസു.

അങ്ങനെ ഒരു ധാരണ സംസ്ഥാനത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും തൃണമൂലിനേയും തുല്യ ശത്രുക്കളായിട്ടാണ് സിപിഐഎമ്മും ഇടതുമുന്നണിയും കണക്കാക്കുന്നത്.

തൃണമൂലിന്റെ അക്രമം നേരിടാന്‍ ബിജെപിയുമായി ഒരു തലത്തിലും ഏതെങ്കിലും തരത്തിലുള്ള ധാരണയോ നീക്കുപോക്കോ ഉണ്ടാക്കുന്ന പ്രശ്‌നമില്ല. ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മലയാളം പത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനോട് പ്രതികരിക്കുകയായിരുന്നു ബിമന്‍ ബസു.

തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തലത്തില്‍ ബിജെപിയുമായി നീക്കുപോക്കുള്ളതായോ ഒരുമിച്ച് പ്രചാരണം നടത്തുന്നതായോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി അത്തരം പ്രവര്‍ത്തനമുണ്ടായിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കും.

അക്രമത്തിനെതിരെയാണ് ധാരണയെന്ന് സിപിഐഎം നേതാക്കളുടേതായി പേരുവെയ്ക്കാതെ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായം വെറും ഭാവനാ സൃഷ്ടി മാത്രമാണ്.

ഒരിടത്തും ആരും അത്തരത്തിലൊരഭിപ്രായം പ്രകടിപ്പിയ്ക്കാനുള്ള സാധ്യതയില്ല. സിപിഐഎമ്മിനേയും ഇടതുമുന്നണിയേയും താറടിയ്ക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News