ദില്ലിയില്‍ കൊടുങ്കാറ്റ് ഭീതി; അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; കനത്ത പൊടിക്കാറ്റ് ഭീതി പടര്‍ത്തുന്നു; കേരളത്തിനും ജാഗ്രതാനിര്‍ദ്ദേശം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് നിഗമനം. കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഹിമാലയത്തിന് താഴ് വരയിലുള്ള പശ്ചിമബംഗാളിന്റെ ഭാഗങ്ങള്‍, സിക്കിം, നാഗാലാന്റ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയുണ്ടായേക്കും. ഇവിടെ ആലിപ്പഴ വീഴ്ച്ചക്കും സാധ്യതയുണ്ട്.

കേരളം , തമിഴ്‌നാട്, കര്‍ണാടക, ആസാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴപെയ്‌തേക്കും. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനില്‍ പൊടിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും വീശാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം രാത്രി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അതീവ ജാഗ്രതയിലാണ് ഓരോ സംസ്ഥാനങ്ങളും.

അഗ്നിശമനസേന, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിങ്ങനെ എല്ലാ രക്ഷാപ്രവര്‍ത്തന മേഖലകള്‍ക്കും കര്‍ശനാ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹിമാലയത്തിന് താഴ് വരയിലുള്ള പശ്ചിമബംഗാളിന്റെ ഭാഗങ്ങള്‍, സിക്കിം, ഉത്തരാഖണ്ഡ്, ബീഹാര്‍ എന്നീ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News