കേരളത്തിന് ചരിത്രമുഹൂര്‍ത്തം; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തില്‍ മലയാളക്കര; സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടി

സൂര്യയുടെ ക‍ഴുത്തിൽ ഇഷാൻ മിന്നുചാർത്തിയപ്പോൾ കേരളം ഇന്നുവരെ ദർശിക്കാത്ത വിവാഹത്തിനാണ് തലസ്ഥാനനഗരി സക്ഷ്യം വഹിച്ചത്. കേരള ചരിത്രത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ വിവാഹമായിരുന്നു അത്.ഹിന്ദുവായ സൂര്യയും ഇസ്ളാമായ ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവഹിതരായപ്പോൾ ഇരുവരുടേയും ബന്ധുക്കൾ സാക്ഷികളായി.

രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ക്ളബ്ബിലായിരുന്നു വിവാഹം.സംഗീതത്തിന്റെ അകമ്പടിയോടെ ഇരുവരും വേദിയിലേക്കെത്തിയപ്പോൾ ആർപ്പുവിളോടെ സ്വീകരണം.വേദിയിൽ എത്തിയ ഇരുവരും പരസ്പരം ഹാരമണിഞ്ഞു സ്വീകരിച്ചു.പീന്നീട് കേരളം സാക്ഷ്യം വഹിച്ചത് ചരിത്രമുഹുർത്തത്തിന്. സൂര്യയുടെ ക‍ഴുത്തിൽ താലി ചാർത്തി ഇഷാൻ അവളെ സ്വന്തമാക്കി.

ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹതിരായത്.നേരത്തെ ഇരുവരും ലിംഗമാറ്റ ശസത്രക്രിയയ്ക്ക് വിധേയരായിരുന്നു.ഐ ഡി കാർഡുകളിൽ സൂര്യ സ്ത്രീയും,ഇഷാൻ പുരുഷനും ആയിരുന്നതിനാൽ നിയമവിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.ഇരു കുടുംബങ്ങളുടേയും പൂർണ്ണ സമ്മതവും വിവാഹത്തിന് ലഭിച്ചു.

33 കാരിയായ സൂര്യ 2014 ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി സ്ത്രീയായി മാറിയത്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സൂര്യ. ട്രാൻസ്ജെൻഡർ ബോർഡംഗവുമാണ് ഇവർ.ഇഷാനാവട്ടെ, ട്രാൻസ്ജെൻഡർ ജസ്ററിസ് ബോർഡ് തിരുവനന്തപുരം ജില്ലാ സമിതി അംഗവും.

സമൂഹം തങ്ങളുടെ വിവാഹം അംഗീകരിക്കുമോ എന്നറിയില്ലെങ്കിലും,തങ്ങൾക്കും ഒരു ജീവിതം ഉണ്ടെന്നു അവർ മനസ്സിലാക്കണെമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.തങ്ങളുടെ വിവാഹം ഇന്ത്യയിലെ തന്നെ ട്രാൻസ്ജെൻഡർ സമൂഹത്തിന് മാത്യകയാകുമെന്ന പ്രതീക്ഷയിലാണ് ഇഷാനും,സൂര്യയും.ഇരുവരുടേയും സുഹൃത്തുക്കളും ബന്ധുക്കളും വിവാത്തിന് സാക്ഷികളായി.വിവാഹത്തോടനുബന്ധിച്ച് സൽക്കാരവും നടന്നു.

വിവാഹദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here