കെ.രാധാകൃഷ്ണന് അധോലോക ബന്ധം; മൂര്‍ഖന്‍ ഷാജിക്കായി ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു; ഡിജിപി ശുപാര്‍ശ ചെയ്തിട്ടും നടപടി സ്വീകരിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ #PeopleExclusive

ഫസല്‍ വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന് അധോലോക മാഫിയയുമായി ബന്ധം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റേതാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ പുറത്ത് വിട്ടു.

രാധാകൃഷ്ണന്‍ ക്രിമിനലുകളുടെ ചട്ടുകമായെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയുടെ യശസിന് കളങ്കം വരുത്തിയ രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് മുന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ നടപടി കൈകൊണ്ടില്ല.

2015 ഓക്ടോബറിലാണ് CBCID പൊലീസ് സൂപ്രണ്ട് എന്‍.രാമചന്ദ്രന്‍ കെ.രാധാകൃഷ്ണനെതിരായ ഗുരുതര കണ്ടെത്തലുകളുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കെ.രാധാകൃഷ്ണന് അധോലോക മാഫിയയും മാഫിയാ തലവന്‍മാരുമായി അടുത്ത ബന്ധമുണ്ട്.

കഞ്ചാവ് കച്ചവടക്കാരനായ മൂര്‍ഖന്‍ ഷാജിക്കായി തന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. ഡെപ്യൂട്ടെഷനില്‍ എക്‌സൈസിലെത്തിയ രാധാകൃഷ്ണന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടുക്കി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും രാധാകൃഷ്ണന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. രാധാകൃഷ്ണന്‍ ക്രിമിനലുകളുടെ ചട്ടുകമയെന്ന ഗുരുതര കണ്ടെത്തലും ഇതില്‍ ഉള്‍പ്പെടുന്നു.

2015ല്‍ UDF സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഡിജിപിയും കെ.രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. കെ.രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വഴി സേനയുടെ യശസിന് കളങ്കം വന്നിട്ടുള്ളതായും ഡിജിപി പരാമര്‍ശിച്ചിരുന്നു.

ഇതില്‍ നടപടി കൈകൊള്ളേണ്ട UDF സര്‍ക്കാര്‍ എന്നാല്‍ രാധാകൃഷ്ണനെ എസ്.പി റാങ്കിലെക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും രാധാകൃഷ്ണനെതിരെ പരാതി വന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഞ്ച് ഐ.ജിക്ക് സര്‍ക്കാര്‍ അന്വേഷണം കൈമാറി. 2015ലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെയും പുതിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രാധാകൃഷ്ണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇത് കണ്‍ഫേര്‍ഡ് ഐ.പി.എസ് പരിഗണനാ പട്ടികയില്‍ നിന്നും രാധാകൃഷ്ണനെ ഒഴിവാക്കി.

LDF സര്‍ക്കാരിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സേനയുടെ സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കം വരുത്തിയ ഈ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News