എതിർപ്പുയരുമ്പോൾ വികസനം നിർത്തിവെക്കുന്നതല്ല എൽഡിഎഫ് നയം; വികസനം തടയുന്നവർക്ക് സർക്കാർ വിധേയപ്പെടില്ല: മുഖ്യമന്ത്രി പിണറായി

വികസന പ്രവർത്തനത്തെ ജനങ്ങളുടെ പേര് പറഞ്ഞ് ആരെങ്കിലും തടയാൻ ശ്രമിച്ചാൽ സർക്കാർ അതിന് വിധേയപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങൾ വികസന പദ്ധതി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

എന്നാൽ വികസനത്തെ തകർക്കാൻ ശ്രമിക്കുന്നവരും ജനത്തിന്റെ പേരിലാണ് വർത്തമാനം പറയുക. ഏത് പദ്ധതി വരുമ്പോഴും എതിർക്കുന്ന ഒരുകൂട്ടർ ഇവിടെയുണ്ട്. ഇവർക്കൊപ്പം ജനമില്ലെന്ന് മനസ്സിലാക്കണം. ചെറുവത്തൂർ ഓരി എ കെ ജി ക്ലബ്ബ് ഇരുപത്തെട്ടാം വാർഷികാഘോഷ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തടസ്സങ്ങൾ ഉണ്ടാവുന്നതുകൊണ്ട് ഏതെങ്കിലും പദ്ധതി ഉപേക്ഷിക്കുകയെന്നത് എൽഡിഎഫ് സർക്കാരിന്റെ നയമല്ല. പദ്ധതി നടപ്പാക്കുന്നതിനാണ് പ്രാമുഖ്യം കൊടുക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കും. ഏത് പ്രദേശത്തും ഏത് മേഖലയിലുമുള്ളവർക്കും വികസന നേട്ടം അനുഭവിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡിന്റെ വീതിയെത്രയെന്നായിരുന്നു തർക്കം. സർവകക്ഷി യോഗത്തിൽ ഭൂ വിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലും കണക്കിലെടുത്ത് കേരളത്തിൽ ദേശീയപാതയുടെ വീതി 45 മീറ്ററെന്നത് എല്ലാവരും അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകേണ്ടതായിരുന്നു. എന്നാൽ എതിർപ്പുയർന്നപ്പോൾ നിർത്തിവച്ചു. പിന്നീട് ഒരു അനക്കവുമുണ്ടായില്ല.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനങ്ങളോട് ദേശീയപാതയുടെ വീതി കൂട്ടേണ്ടിവരുമെന്ന് പറഞ്ഞു. അതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പുനൽകി. ഇതിനെ തുടർന്ന് എതിർപ്പ് കുറഞ്ഞു.

ഭൂരിപക്ഷവും ദേശീയപാത വികസനത്തിന് അനുകൂലമായ നിലപാടിലേക്ക് വന്നു. എതിർപ്പുയരുമ്പോൾ വികസനം നിർത്തിവെക്കുന്നത് എൽഡിഎഫ് നയമല്ല. അങ്ങനെ ചിന്തിച്ചാൽ വികസനം വരില്ല. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തുക സംബന്ധിച്ച് കേന്ദ്രവുമായി തർക്കമുണ്ടായി.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിലും എറണാകുളത്തുമായി നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ പരിഹാരമായി. ദേശീയപാത വികസനവുമായി മുന്നോട്ടുപോകാമെന്ന കാര്യത്തിലും തീരുമാനമായി‐ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here