ജറുസലേം കത്തുന്നു; യുഎസ് തുറന്ന എംബസിക്ക് നേരെ കടുത്ത പ്രതിഷേധം; 41 പേരെ വെടിവച്ച് കൊന്നു – Kairalinewsonline.com
Big Story

ജറുസലേം കത്തുന്നു; യുഎസ് തുറന്ന എംബസിക്ക് നേരെ കടുത്ത പ്രതിഷേധം; 41 പേരെ വെടിവച്ച് കൊന്നു

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഒരു ദിവസം ഇത്രയും അധികം പേർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്

ഗാസ: ജെറുസലേമിൽ അമേരിക്കൻ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 41 പേർ കൊല്ലപ്പെട്ടു. 2014ലെ ഗാസ യുദ്ധത്തിന് ശേഷം ഒരു ദിവസം ഇത്രയും അധികം പേർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഏതാണ്ട് 900ലേറെ പാലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 450 പേർക്കും സൈന്യത്തിന്റെ വെടിയേറ്റതാണെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷമാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാനുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിക്കുന്നത്. തുടർന്ന് യു.എസ് സ്ഥാനപതി കാര്യാലയം ടെഅൽ അലീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചതോടെ പാലസ്തീൻ തർക്കവുമായി രംഗത്തെത്തി. ഇസ്‌ലാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്തീനും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.

തങ്ങളുടെ ഭൂമിയിൽ ഇസ്രായേൽ അതിക്രമിച്ച് കയറിയതാണെന്ന് ആരോപിച്ച് കൊണ്ട് തിങ്കളാഴ്‌ച പാലസ്തീനികൾ ഗാസയിലെ അതിർത്തി വേലിയിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. തുടർന്ന് നടത്തിയ വെടിവയ്‌പിൽ 14 വയസുള്ള കുട്ടിയും വീൽചെയറിൽ ഇരുന്ന വികലാംഗനും ഉൾപ്പെടെ 41 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ എംബസി വിരുദ്ധ സമരത്തിനിറങ്ങി കൊല്ലപ്പെട്ടവരുടെ എണ്ണം 73ആയി. എന്നാൽ തങ്ങൾക്ക് നേരെ ടയർ കത്തിച്ചെറിഞ്ഞ് ആക്രമിച്ചവരെ പ്രതിരോധിക്കുകയായിരുന്നു എന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

To Top