അധ്യക്ഷനെ മാറ്റിയിട്ടും തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്; എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് കര്‍ണ്ണാടക ഫലം

ദില്ലി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന എന്‍ഡിഎ മുന്നണിയ്ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

അദ്ധ്യക്ഷനെ മാറ്റി നോക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കുന്നു.

ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിറുത്തി മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സംബന്ധിച്ച് കര്‍ണ്ണാടക ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക പാര്‍ടികള്‍ പുനരാലോചന നടത്തിയേക്കും.

കേന്ദ്ര ഭരണം അവസാന ലാപ്പുകളിലെത്തുന്ന സമയത്താണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി കസേരയില്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്ന നരേന്ദ്രമോദിയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

റെഡ്ഢി സഹോദര്‍മാരുടെ മാഫിയ ഭരണവും, യെദൂരിപ്പയുടെ അഴിമതി പ്രതിശ്ചായയും കര്‍ണ്ണാകയില്‍ തിരിച്ചടിയാകാതെ നോക്കാന്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍മാര്‍ക്കായി.

എന്‍ഡിഎക്കെതിരെ പാര്‍ലമെന്റിനകത്ത് രൂപപ്പെട്ട പതിനെട്ട് പാര്‍ടികളുടെ ഐക്യനിര, തിരഞ്ഞെടുപ്പ് മുന്നണിയായി മാറുന്നത് തടയാന്‍ സംസ്ഥാന വിജയം സഹായിക്കുമെന്ന് ബിജെപി കരുതുന്നു. കൂടാതെ ശിവസേന, തെലുങ്കുദേശം തുടങ്ങിയ പാര്‍ടികള്‍ മുന്നണി വിട്ട് പോകുന്ന ക്ഷീണം തീര്‍ക്കാനും വിജയം സഹായിക്കും.

സമാജവാദിയും ബിഎസ്പിയും ഒന്നിച്ചതോടെ യുപിയില്‍ 2014ലെ വിജയമാവര്‍ത്താക്കാമെന്ന് മോഹത്തിന് മങ്ങലേറ്റതാണ്. ഇനി യുപിയില്‍ കുറയുന്ന സീറ്റുകള്‍ കര്‍ണ്ണാടകയില്‍ നേടാമെന്ന് കണക്ക് കൂട്ടലിലാണ് അമിത് ഷാ.

കര്‍ണ്ണാടകയിലെ 28 ലോക്‌സഭാ സീറ്റില്‍ 18യും കൈവശമുണ്ട്. ബാക്കിയുള്ള പത്ത് സീറ്റില്‍ പകുതിയെങ്കിലും ഇനി നേടിയെടുക്കാം.തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയുമൊന്നിച്ചാകും ബിജെപി മത്സരമെന്ന് ഏതാണ്ട് ഉറപ്പായി.

അതേ സമയം, കോണ്ഗ്രസിന് ഇനിയുമേറെ പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടുന്നതാണ് ഫലം. അദ്ധ്യക്ഷനായ ശേഷം രാഹുല്‍ നേരിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം സംഘടനം സംവിധാനത്തിന്റെ അപര്യാപ്ത ചൂണ്ടികാട്ടുന്നു. പാര്‍ടിക്കുള്ളില്‍ രാഹുലിന് എതിരാളികളില്ല.

പക്ഷെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്തത് രാഹുലിന്റെ നേതൃപാടവത്തെ ചോദ്യ ചിഹ്നത്തിലാക്കുന്നു. പ്രധാനമന്ത്രിയാകാന്‍ താല്‍പര്യം മാത്രം പ്രകടിപ്പിച്ചാല്‍ പോരായെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് ലക്ഷ്യം വയ്‌ക്കേണ്ടതില്ല. ഇവിടെയും പരാജപ്പെട്ടാല്‍ ദില്ലിയില്‍ എന്‍ഡിഎ തുടര്‍ഭരണം ഉറപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News