മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കർണാടകത്തിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിയെന്ന് കോടിയേരി

മതനിരപേക്ഷത ഉയർത്തിപ്പിടിച്ചിരുന്ന കോൺഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കർണാടകത്തിൽ അവർക്കുണ്ടായ തിരിച്ചടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂർ മണ്ഡലത്തിൽ എൽഡിഎഫിന് കൂടുതൽ അനുകൂലമായ മാറ്റം ഉണ്ടാക്കും. കോൺഗ്രസിന് ബിജെപിയെ നേരിടാൻ കഴിയില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു.

ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികൾക്കുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ‌് ഫലം. ആർഎസ്എസിന്റെ തീവ്രഹിന്ദുത്വത്തെ നേരിടാനാണ് കോൺഗ്രസ് മൃദുഹിന്ദുത്വം പ്രയോഗിച്ചത്.

നരേന്ദ്രമോഡി തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചപ്പോൾ നേരിടാൻ രാഹുൽഗാന്ധിക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി താനാണ് യാഥാർഥഹിന്ദു എന്ന് പ്രചരിപ്പിക്കുകയായിരുന്നു.

കർണാടകത്തിലെ രീതിതന്നെയാണ് ചെങ്ങന്നൂരിലും കോൺഗ്രസ് ചെയ്യുന്നത്. ആർഎസ്എസിന്റെ തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുന്ന പി എസ് ശ്രീധരൻപിള്ളയെ നേരിടാൻ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന, ആർഎസ്എസിന്റെ ഒരു പോഷക സംഘടനയുമായി ബന്ധമുള്ള കോൺഗ്രസുകാരനെ സ്ഥാനാർഥിയാക്കി.

ദേശീയ രാഷ്ട്രീയത്തിലെ എല്ലാ സംഭവവികാസങ്ങളും ചെങ്ങന്നൂരിലും പ്രതിഫലിക്കും. ആർഎസ്എസിനെ നേരിടാൻ കേരളത്തിലെ ശക്തമായ സർക്കാരിനേ കഴിയൂവെന്ന് ദേശീയതലത്തിൽവരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

വർഗീയതയെ നേരിടുന്ന സംസ്ഥാന സർക്കാരിന് അനുകൂലമായി ചെങ്ങന്നൂരിലെ ജനങ്ങൾ വിധിയെഴുതുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here