ഭരണം പിടിക്കാന്‍ കരുനീക്കങ്ങളുമായി നേതൃത്വങ്ങള്‍; ഗവര്‍ണറുടെ തീരുമാനം കാത്ത് കര്‍ണാടക; അട്ടിമറിക്കാനൊരുങ്ങി ബിജെപി

കർണാടകത്തിൽ ആർക്കും ഒറ്റയ‌്ക്ക‌് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ജെഡിഎസിനെ പിന്തുണയ‌്ക്കാൻ കോൺഗ്രസ‌് തീരുമാനം. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ‌് ജെഡിഎസിന‌് പിന്തുണയ‌്ക്കുന്നതെന്ന‌് കോൺഗ്രസ‌് അറിയിച്ചു.

എച്ച‌് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും ധാരണയായി. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച‌് ഗവർണറുമായി ചർച്ച നടത്തിയ ജെഡിഎസ‌്, കോൺഗ്രസ‌് നേതാക്കൾ ഇത‌് സംബന്ധിച്ച കത്തും കൈമാറി.

സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന‌് ജെഡിഎസ‌് നേതാവ‌് എച്ച‌് ഡി കുമാരസ്വാമി ഗവർണറോട‌് ആവശ്യപ്പെട്ടു. കോൺഗ്രസിന‌് 78 സീറ്റും ജെഡിഎസിന‌് 37 സീറ്റുമാണുള്ളത‌്. ഇരുപാർടികളിലെയും മൊത്തം എംഎൽഎമാരുടെ എണ്ണം 115 ആണെന്നും ഇത‌് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

എച്ച‌് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, ഗുലാംനബി ആസാദ‌് എന്നിവരുടെ നേതൃത്വത്തിലാണ‌് ഗവർണറെ കണ്ട‌ത‌്.

അതേസമയം, അട്ടിമറിനീക്കവുമായി ബിജെപിയും രംഗത്തെത്തി. ജെഡിഎസ‌്, കോൺഗ്രസ‌് നേതാക്കൾ രാജ‌്ഭവനിൽ എത്തുന്നതിനുമുമ്പേ ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പ ഗവർണറുമായി കൂടിക്കാഴ‌്ച നടത്തി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട‌് യെദ്യൂരപ്പ ഗവർണർക്ക‌് കത്ത‌് നൽകി. സർക്കാർ രൂപീകരണത്തിന‌് ഒരാഴ‌്ചത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബി എസ‌് യെദ്യൂരപ്പ, കേന്ദ്രമന്ത്രി അനന്ത‌്കുമാർ, എംപിമാരായ ശോഭ കരന്ത‌്‌ലാജെ, രാജീവ‌് ചന്ദ്രശേഖർ എന്നിവരാണ‌് രാജ‌്ഭവനിലെത്തിയത‌്.

അതേസമയം, ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇതിനിടെ, ഏതാനും എംഎൽഎമാരെ ചാക്കിട്ടുപിടിച്ച‌് അട്ടിമറിക്കുള്ള ശ്രമം ബിജെപി ആരംഭിച്ചു. ജെഡിഎസിലെയും കോൺഗ്രസിലെയും ചില എംഎൽഎമാരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള രഹസ്യനീക്കത്തിലാണ‌് ബിജെപി.

ചില മുതിർന്ന നേതാക്കളെ ദൂതന്മാരായി നിയോഗിച്ചു. ഇത‌് കണക്കിലെടുത്ത‌് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ചേർന്ന‌് ജെഡിഎസ‌് വിപ്പ‌് നൽകി.

രണ്ട‌് ഉപമുഖ്യമന്ത്രിമാരെയും 15 മന്ത്രിസ്ഥാനവും കോൺഗ്രസിന‌് അനുവദിക്കാനാണ‌്ധാ രണ. നേരത്തെ കോൺഗ്രസ‌് നേതാവ‌് സോണിയ ഗാന്ധി എച്ച‌് ഡി ദേവഗൗഡയുമായി നടത്തിയ ടെലിഫോൺ ചർച്ചയ‌്ക്കുശേഷമാണ‌് ജെഡിഎസിന‌് പിന്തുണ നൽകാൻ തീരുമാനിച്ചത‌്.

പിന്നീട‌് സംസ്ഥാന കോൺഗ്രസ‌് നേതൃത്വം കുമാരസ്വാമിയുമായി ചർച്ച നടത്തി. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സാഹചര്യത്തിൽ ബിജെപി നേതൃത്വവും പിന്തുണ തേടി ജെഡിഎസിനെ സമീപിച്ചിരുന്നു.

തൂക്കുസഭ തന്നെ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ കർണാടകം ത്രിശങ്കുവിൽത്തന്നെ. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 104 സീറ്റ‌് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

കോൺഗ്രസിന‌് 78 സീറ്റും ജെഡിഎസിന‌് 37 സീറ്റും ലഭിച്ചു. ബിഎസ‌്പി ഒരു സീറ്റിൽ വിജയിച്ചപ്പോൾ രണ്ട‌് സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി എസ‌് യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തിലും മലയാളിയായ മുൻ ആഭ്യന്തരമന്ത്രി കെ ജെ ജോർജ‌് സർവഞ്ജനഗറിലും ജയിച്ചു.

ജെഡിഎസ‌് നേതാവ‌് എച്ച‌് ഡി കുമാരസ്വാമി ചന്നപട‌്ണയിൽ 21,530 വോട്ടിനും മുൻ മന്ത്രി ഡി കെ ശിവകുമാർ കനകപുരയിൽ 79,909 വോട്ടിനും ജയിച്ചു. രണ്ട‌് മണ്ഡലങ്ങളിൽ മത്സരിച്ച സിദ്ധരാമയ്യ ബദാമി മണ്ഡലത്തിൽ 1696 വോട്ടിന‌് കഷ്ടിച്ച‌് കടന്നുകൂടിയപ്പോൾ ചാമുണ്ഡേശ്വരിയിൽ 36,042 വോട്ടിന‌് പരാജയപ്പെട്ടു.

ബിജെപിക്ക‌് 36.2 ശതമാനം വോട്ട‌് ലഭിച്ചപ്പോൾ കോൺഗ്രസ‌് 37.9 ശതമാനം വോട്ട‌് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here