മോദിയുടെ ഗുജറാത്ത് ഗോദയില്‍ അമിത്ഷായെ മലര്‍ത്തിയടിച്ച അഹമ്മദ് പട്ടേല്‍ കര്‍ണാടകയില്‍; സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍റെ തന്ത്രങ്ങള്‍ ബിജെപിയെ അസ്വസ്ഥമാക്കുന്നു

ഗുജറാത്തിലെ ഒരു സാധാരണ രാജ്യസഭാ തിരഞ്ഞെടുപ്പ് രാജ്യശ്രദ്ധയാകര്‍ഷിച്ചത് അഹമ്മദ് പട്ടേലിലൂടെയായിരുന്നു. നരേന്ദ്രമോദിയുടെ സ്വന്തം തട്ടകത്തില്‍ ബിജെപിയുടെ ദേശിയ അധ്യക്ഷന്‍ അമിത്ഷായുടെ രാഷ്ട്രീയ കളികളെയും ചാണക്യതന്ത്രങ്ങളെയും പണക്കൊ‍ഴുപ്പിനെയും മലര്‍ത്തിയടിച്ച് പട്ടേല്‍ ജയിച്ചു കയറിയത് ക‍ഴിഞ്ഞ ഓഗസ്റ്റ് മാസം ഒമ്പതാം തിയതിയായിരുന്നു.

കോടികളുടെ കോ‍ഴ വാഗ്ദാനത്തിലൂടെ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചുള്ള അമിത്ഷായുടെയും ബിജെപിയുടെയും തന്ത്രങ്ങളെ തകര്‍ത്തടുക്കി സോണിയാഗാന്ധിയുടെ വിശ്വസ്തന്‍ വിജയിച്ചുകയറിയപ്പോള്‍ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കയ്യടിച്ചു.

ഇപ്പോ‍ഴിതാ രാജ്യം വീണ്ടുമൊരു കുതിരക്കച്ചവടത്തിനും ചാക്കിട്ട് പിടിത്തത്തിനും സാക്ഷ്യം വഹിക്കുകയാണ്. ഒറ്റയ്ക്ക് അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് കര്‍ണാടകത്തില്‍ ഭൂരിപക്ഷം നേടിയതോടെ അമിത്ഷായും മോദിയും അസ്വസ്ഥരാണ്.

എന്ത് വിലകൊടുത്തും കര്‍ണാടകത്തില്‍ അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച ബിജെപി 100 കോടിയിലധികം രൂപയാണ് ഓരോ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്. കോടികളുടെ പണക്കിലുക്കത്തിനും അധികാര ഭ്രമത്തിനും മുന്നില്‍ ചില എംഎല്‍എ മാരെങ്കിലും വീ‍ഴാനുള്ള സാധ്യതയാണ് പ്രകടമാകുന്നത്.

ബിജെപിയുടെ കോടിക്കിലുക്കത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. ഗുജറാത്ത് ഗോദയില്‍ അമിത്ഷായെ മലര്‍ത്തിയടിച്ച അഹമ്മദ് പട്ടേലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പേരുകേട്ട അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ കൂടിയാണ്. ഗുജറാത്തില്‍ ബിജെപിയെ പ്രതിരോധിച്ച തന്ത്രങ്ങളുമായി അഹമ്മദ് പട്ടേല്‍ കര്‍ണാടകത്തിലെത്തുമ്പോള്‍ അത് കോണ്‍ഗ്രസിനും ജെഡിഎസിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ബിജെപി പാളയത്തില്‍ നിന്ന് എംഎല്‍എ മാരെ ഇപ്പുറത്തെത്തിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞതിന് പിന്നിലെ ബുദ്ധികേന്ദ്രവും മറ്റാരുമല്ല. ക‍ഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡികെ ശിവകുമാറിനെ മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങള്‍ ചടുലമാണ്. എന്തായാലും അഹമ്മദ് പട്ടേല്‍ കൂടി എത്തുന്നത് ബിജെപി ക്യാംപിനെ അസ്വസ്ഥമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here